റഫീഖ് അഹമ്മദിനെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളെ അപലപിക്കാന്‍ ആഹ്വാനം ചെയ്ത് ജനകീയ കലാ സാഹിത്യ വേദി

Update: 2022-01-24 16:03 GMT

തൃശൂര്‍; 'സില്‍വര്‍ ലൈന്‍' അതിവേഗ റെയില്‍ പദ്ധതിയെ വിമര്‍ശിക്കുന്ന കവിതയെഴുതിയതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെതിരെ അധിക്ഷേപ വര്‍ഷം ചൊരിയുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കലാ സാഹിത്യ വേദി. 

'സില്‍വര്‍ ലൈന്‍' അതിവേഗ റെയില്‍ പദ്ധതിയെ വിമര്‍ശിച്ച റഫീഖ് അഹമ്മദിനെതിരെ അധിക്ഷേപ വര്‍ഷം ചൊരിഞ്ഞു കൊണ്ട് സമൂഹ മാദ്ധ്യമങ്ങളില്‍ പദ്ധതി അനുകൂലികളായ കുറേ ആളുകള്‍ ഉറഞ്ഞുതുള്ളുകയാണ്. സാമൂഹിക, പാരിസ്ഥിതിക യാഥാര്‍ത്ഥ്യങ്ങളെ പരിഗണിക്കാതെ, അതിവേഗ യാത്രയുടെ പ്രലോഭനങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ട്, ജനപദങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും തൊഴില്‍ ശാലകള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും വനസ്ഥലികള്‍ക്കും മുകളിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കേരളത്തിലെങ്ങും വമ്പിച്ച ജനകീയ പ്രതിഷേധങ്ങള്‍ ആഞ്ഞടിക്കുകയാണ്. ആ ജനകീയ നിലപാടുകളോടു സഹഭാവം പുലര്‍ത്തുകയും ആ സമരങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന ഏതൊരു ജനാധിപത്യവിശ്വാസിയുടേയും ഉത്ക്കണ്ഠകള്‍ മാത്രമേ റഫീഖിന്റെ കവിതയിലും പ്രകടിപ്പിക്കപ്പെടുന്നുള്ളു. മാനവികതയുടെ ജൈവസത്തക്കു മേല്‍ യന്ത്ര വേഗങ്ങളുടെ ആസുരാധിപത്യം അടിച്ചേല്പിക്കാന്‍ ശ്രമിക്കുന്ന അധികാര സംവിധാനത്തിന്റെ ഇത്തരം വികസന സങ്കല്പങ്ങള്‍ക്കെതിരെ ലോകത്തെങ്ങും തന്നെ കവികളും എഴുത്തുകാരും കലാ സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതികരിച്ചിട്ടുണ്ട്. സ്വന്തം ആവിഷ്‌ക്കാര മാധ്യമങ്ങളെ സര്‍ഗ്ഗാത്മക പ്രതിഷേധങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. റഫീഖിന്റെ കവിത ജനാധിപത്യവും കവിതയും തിരിച്ചറിയുന്നവര്‍ക്കിടയില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടപ്പോള്‍ 'സില്‍വര്‍ ലൈന്‍' പദ്ധതിയെ അനുകൂലിക്കുന്നവരിലെ നികൃഷ്ട മനസ്‌ക്കരെ അങ്ങേയറ്റം അലോസരപ്പെടുത്തിയിട്ടുണ്ടാകണം. കവിതക്കും കവിക്കുമെതിരെ അശ്ലീലവര്‍ഷം നടത്താന്‍ അതായിരിക്കും അവരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക'യെന്ന് സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 

വിയോജിപ്പുകളോട് അസഹിഷ്ണുത പുലര്‍ത്തുകയും കായികമോ, വാചികമോ ആയ ബലപ്രയോഗത്തിലൂടെ അതിനെ നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ജനാധിപത്യവിരുദ്ധതക്കു പുറമെ, ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ തങ്ങളുടെ വികസന സമീപനങ്ങള്‍ ഈ വിമര്‍ശനങ്ങളുടെ തീക്കാറ്റില്‍ തകര്‍ന്നെരിഞ്ഞു പോയേക്കുമോ എന്ന ഭീതിയും ഈ അധിക്ഷേപങ്ങള്‍ക്കു പ്രേരണയായിട്ടുണ്ട്. കോര്‍പ്പറേറ്റ് താല്പര്യപ്രകാരമുള്ള വികസന പദ്ധതികളുടെ പ്രായോജകര്‍ക്കും അവയുടെ നടത്തിപ്പുകാരായ അധികാരികള്‍ക്കും വേണ്ടി കൊന്നും ചത്തും തെറി വിളിച്ചും സ്വന്തം സാംസ്‌കാരിക അധമത്വത്തെ വിവസ്ത്രമാക്കിയും ആത്മസാക്ഷാത്ക്കാരം നേടുന്ന ഈ 'സൈബര്‍ ചാവേറു''കളോട് കവി തന്നെ വ്യക്തമാക്കിയതു പോലെ, 'കാലുഷ്യമല്ല; കരുണയാണു'' കാട്ടേണ്ടതെന്ന് കെ.എ. മോഹന്‍ദാസ്, പി.കെ.വേണുഗോപാലന്‍ എന്നിവര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു. 

Tags:    

Similar News