അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളിലെ ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

Update: 2021-10-25 04:55 GMT

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രികര്‍ക്ക് കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലെ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ കൊവിഡ് പരിശോധനക്കോ ശേഷമുളള ഹോം ക്വാറന്റീനോ വേണ്ടിവരില്ല. ലോകാരോഗ്യസംഘടന അംഗീകരിച്ച കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് ഇളവ് അനുവദിക്കുക. മാത്രമല്ല, സമാനമായ ഇളവുകള്‍ ഇന്ത്യക്ക് അനുവദിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുമാത്രമേ ഇവിടെയും ഇളവുകളുണ്ടാവൂ. മറിച്ചായാല്‍ ഹോംക്വാറന്റീന്‍ വേണ്ടിവരും.

അതേസമയം വിമാനം കയറാന്‍ വരുന്നവര്‍ നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപോര്‍ട്ട് ഹാജരാക്കണം. ഫെബ്രുവരി 17നുശേഷം നിലവില്‍ വന്ന എല്ലാ ഇതുസംബന്ധിച്ച ഉത്തരവുകളും ഇന്നത്തോടെ സര്‍ക്കാര്‍ റദ്ദാക്കി.

''ചില പ്രദേശങ്ങളിലെ അപവാദമൊഴിച്ചാല്‍ ആഗോള തലത്തില്‍ കൊവിഡ് വ്യാപനം കുറഞ്ഞുവരികയാണ്. വൈറസിന്റെ സ്വഭാവത്തിലും പരിണാമത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നുണ്ട്''- മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

2021 ഫെബ്രുവരി 17നാണ് ഇപ്പോള്‍ നിലവിലുള്ള ഗൈഡ് ലൈന്‍ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചത്.

രാജ്യത്തും പുറത്തും കൂടുതല്‍ പേര്‍ക്കും വാക്‌സിന്‍ ലഭിച്ചതും ആഗോള കൊവിഡ് വ്യാപനത്തില്‍ കുറവനുഭവപ്പെട്ടതുമാണ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

വാക്‌സിന്‍ എടുക്കാത്തവരും ഒരു ഡോസ് വാക്‌സിന്‍ മാത്രം എടുത്തവരും നേരത്തെ നിലവിലുള്ള ഗൈഡ് ലൈന്‍ പ്രകാരം ക്വാറന്റീനില്‍ പോകേണ്ടിവരും. വിമാനത്താവളത്തില്‍ ആദ്യം പരിശോധനക്ക് വിധേയമായി ഏഴ് ദിവസം ഹോം ക്വാറന്റീനും വീണ്ടും പരിശോധനയും ഏഴ് ദിവസം സ്വയം നിരീക്ഷണവുമാണ് വേണ്ടിവരിക.

യാത്രക്കാര്‍ എല്ലാവരും ഒരു സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് എയര്‍ സുവിധ പോര്‍ട്ടലില്‍ അപ് ചെയ്യണം. കൂടാതെ നെഗറ്റീവ് ആര്‍ടിപിസിആര്‍ റിപോര്‍ട്ടും ചേര്‍ക്കണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് 72 മണിക്കൂറിനുള്ളില്‍ ലഭിച്ചതായിരിക്കണം.

സെല്‍ഫ് ഡിക്ലറേഷന്‍ ഫോം തെറ്റായി പൂരിപ്പിച്ചാല്‍ നിയമനടപടി നേരിടേണ്ടിവരും.

വിമാനത്താവളം വിട്ടശേഷവും എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിനു വിധേയമാകണം. ഇത് എല്ലാവര്‍ക്കും ബാധകമാണ്. എന്തെങ്കിലും പ്രശ്‌നം അനുഭവപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണം.

Tags:    

Similar News