ദുര്‍ഗന്ധം വമിച്ച് ശുചിമുറിയും പരിസരവും, ധിക്കാരപരമായ പെരുമാറ്റവുമായി ജീവനക്കാര്‍; തിരൂര്‍ ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരേ പരാതികളുടെ കൂമ്പാരം
രോഗികളോട് ആശുപത്രിയില്‍ നിന്ന് ഇറങ്ങി പോവാനും മറ്റും ആവശ്യപെടുന്നത് ഇവിടെ തുടര്‍ക്കഥയാണ്.
താനൂര്‍: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തുന്ന രോഗികളോടും കൂട്ടിരിപ്പുകാരോടും ആശുപത്രി ജീവനക്കാര്‍ വളരെ മോശമായ രീതിയില്‍ പെരുമാറുന്നതായി പരാതി. സുരക്ഷ ജീവനക്കാരും ശുചീകരണ തൊഴിലാളികളും ചില നഴ്‌സുമാരുമാണ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമെതിരേ മോശം പദപ്രയോഗം നടത്തുന്നത്.
രോഗികളോട് ആശുപത്രിയില്‍ നിന്ന് ഇറങ്ങി പോവാനും മറ്റും ആവശ്യപെടുന്നത് ഇവിടെ തുടര്‍ക്കഥയാണ്. ആശുപത്രി സൂപ്രണ്ടിന് പരാതികള്‍ നല്‍കിയിട്ടും ഫലമില്ലെന്നാണ് കൂട്ടിരിപ്പുകാര്‍ പറയുന്നത്. സൂപ്രണ്ടിന്റെ മൗനനുവാദത്തോടെയാണ് ജീവനക്കാരുടെ ഈ ധിക്കാരമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ആശുപത്രി കെട്ടിടത്തിന് താഴെ മലിനജലം കെട്ടി നില്‍ക്കുന്നതിന്റെയും ശുചിമുറി അടഞ്ഞു മാലിന്യം പൊങ്ങി ദുര്‍ഗന്ധം വമിച്ച് അങ്ങോട്ടേക്ക് അടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഉള്ളത്. മലപ്പുറം ജില്ലയിലെ തീരദേശ പ്രദേശങ്ങളിലെ പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ ഏക ആശ്രയമാണ് തിരൂര്‍ ജില്ലാ ആശുപത്രി. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ജീവനക്കാര്‍ ഇത്തരത്തില്‍ പെരുമാറുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.