മലമുകളില്‍ നിന്നുള്ള വെള്ളമൊഴുക്ക് ഗതിമാറ്റി വീടിന് നാശനഷ്ടമുണ്ടാക്കുന്നുവെന്ന് പരാതി
അരീക്കോട്: ഊര്‍ങ്ങാട്ടിരി, വെറ്റിലപ്പാറയില്‍ സ്വകാര്യവ്യക്തി വെളളത്തിന്റെ ഒഴുക്ക് ഗതിമാറ്റി വീടിന് നാശനഷ്ടം ഉണ്ടാക്കുന്നതിനെതിരെ മുഖ്യമന്ത്രിക്കും ദുരന്തനിവാരണ സമിതി ചെയര്‍മാനും വീട്ടുടമ പരാതി നല്‍കി. പത്തനാപ്പുരം സ്വദേശി റിട്ടേര്‍ഡ് അധ്യാപകനായ ആന്‍ഡ്രൂസിനെതിരെ വെറ്റിലപ്പാറയില്‍ ജോമോനാണ് പരാതി സമര്‍പ്പിച്ചത്.
മഴ ശക്തമായി പെയ്താല്‍ മലമുകളില്‍ നിന്ന് വരുന്ന വെള്ളം ഗതിമാറ്റിയതുമൂലം വീടിലേക്ക് ഒഴുകിയെത്തുന്നുവെന്നാണ് ജോമോന്റെ പരാതി. കാലപഴക്കമുള്ള വീടായതിനാല്‍ വീട് തകരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മഴയില്‍ മലവെള്ളം ഒഴുകിയെത്തി കിണര്‍ ഉപയോഗശൂന്യമായിപ്പോയിരുന്നു. ഉരുള്‍പൊട്ടുമോയെന്ന ഭയത്തിലാണ് കഴിയുന്നത്- പരാതിയില്‍ പറയുന്നു.
അരീക്കോട് പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിക്കും പരാതി നല്‍കി. അടിയന്തിര നടപടിക്കായി മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കൈമാറിയതായാണ് വിവരം. ഒഴുക്ക് ഗതി മാറ്റിയ സ്വകാര്യ വ്യക്തി പഴയ അവസ്ഥയില്‍ പുനസ്ഥാപിക്കാന്‍ തയ്യാറായിരുന്നിട്ടും പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ചിലര്‍ തടസ്സം നില്‍ക്കുന്നതായും പ്രചരിക്കുന്നുണ്ട്.