ഇമ്പിച്ചിബാവ മെമ്മോറിയല്‍ ആശുപത്രിയില്‍ അമിത നിരക്ക് ഈടാക്കിയെന്ന് പരാതി; മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Update: 2021-05-14 15:17 GMT

തിരൂര്‍: തിരൂര്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ ആശുപത്രിയില്‍ കൊവിഡ് ചികില്‍സക്ക് അമിത നിരക്ക് ഈടാക്കിയെന്ന പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. കൊവിഡിനു ചികില്‍സ തേടിയ കാവഞ്ചേരി പുതിയകത്ത് അബൂബക്കറിന്റെ പരാതിയിലാണ് നടപടി.

കൊവിഡ് ബാധിച്ച് മെയ് മാസം നാലാം തിയ്യതിയാണ് അബൂബക്കറിനെ ഇമ്പിച്ചിബാവ മെമ്മോറിയല്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. ആറു ദിവസത്തിനു ശേഷം ഡിസ്ചാര്‍ജ് ചെയ്തു. 55,000 രൂപയാണ് ആകെ ഈടാക്കിയത്. അബൂബക്കറിനെ ജനറല്‍ വാര്‍ഡിലാണ് അഡ്മിറ്റ് ചെയ്തത്. ഡോക്ടേഴ്‌സ് ചാര്‍ജ്, നഴ്‌സിങ് ചാര്‍ജ് എന്നിവയ്ക്കു പുറമെ കൊവിഡ് കെയര്‍ എന്ന പേരില്‍ 10,500 രൂപ വേറെയും ഈടാക്കി. ആര്‍ടിപിസിആര്‍ പരിശോധനക്ക് 1,700 രൂപ ഈടാക്കി. ആര്‍ടിപിസിആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ചുകൊണ്ട് ഏപ്രില്‍ 30ന് സര്‍ക്കാര്‍ ഉത്തരവിട്ടിരിന്നു. അത് നിലനില്‍ക്കുമ്പോഴാണ് അബൂബക്കറില്‍ നിന്ന് 1,700 രൂപ ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് ആശുപത്രിക്കെതിരേ നടപടിയും അധികമായി പിടിച്ച തുക തിരിച്ചുനല്‍കണമന്നുമാവശ്യപ്പെട്ട് പരാതി നല്‍കിയത്.

ഇടത് ഭരണസമിതിയാണ് ആശുപത്രിയില്‍ അധികാരത്തിലുള്ളത്.

പലയിടങ്ങളിലും ഇത്തരം പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആശുപത്രി നിരക്കുകള്‍ സര്‍ക്കാര്‍ ഏകീകരിച്ചിരുന്നു.