ആവശ്യപ്പെടാതെ സ്‌കൂള്‍ മാറ്റം നല്‍കിയതായി പരാതി; ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയെ മാറ്റിയത് സ്‌കൂളില്‍നിന്ന് 65 കിലോമീറ്റര്‍ അകലേക്ക്
കണ്ണൂര്‍: ആവശ്യപ്പെടാതെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് മാറ്റിയതായി പരാതി. കണ്ണൂര്‍ പുതിയങ്ങാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ ഹംദ മന്‍സൂറിനാണ് ഈ ദുരനുഭവമുണ്ടായത്. മുട്ടത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ 65 കിലോമീറ്റര്‍ അകലെയുള്ള മമ്പറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കാണ് സ്ഥലം മാറ്റിയത്.
സ്‌കൂള്‍ പ്രിന്‍സിപ്പലാണ് സ്‌കൂള്‍മാറ്റം അനുവദിച്ചിട്ടുണ്ടെന്ന് അറിയിച്ചത്. പക്ഷേ, ആവശ്യപ്പെടാതെ അകലേയുള്ള സ്‌കൂളിലേക്ക് മാറ്റിയതിനെകുറിച്ച് പ്രിന്‍സിപ്പലിനും പിടിയില്ല. തങ്ങള്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വ്യാഴാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പാണ് സ്‌കൂളിലേക്ക് ഉത്തരവ് കൈമാറിയത്. പ്രിന്‍സിപ്പല്‍ ആ വിവരം കുട്ടിയുടെ രക്ഷിതാവിനെ അറിയിച്ചു.
മറ്റ് മാര്‍ഗങ്ങളില്ലാത്തതുകൊണ്ട് ഉത്തരവനുസരിച്ച് വിദ്യാര്‍ത്ഥി പുതിയ സ്‌കൂളില്‍ പ്രവേശനം നേടി.
പുതിയങ്ങാടി സ്‌കൂളില്‍ ഹുമാനിറ്റീസ് വിഭാഗത്തിലാണ് ഫാത്തിമക്ക് സീറ്റ് കിട്ടിയിരുന്നത്. മമ്പറം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചരിത്രം, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയത്തിലാണ് ഇപ്പോള്‍ സീറ്റ് ലഭിച്ചിരിക്കുന്നത്.
ആവശ്യപ്പെടാതെ വീടിനകലേയുള്ള സ്‌കൂളിലേക്ക് സ്ഥലം മാറിയതിനെതിരേ വിദ്യാര്‍ത്ഥിനി വിദ്യാഭ്യാസ വകുപ്പില്‍ പരാതി നല്‍കിയിട്ടുണ്ട്. സോഫ്റ്റ് വെയര്‍ തകരാറാണോ പുതിയ ഉത്തരവിനു പിന്നിലെന്നും സംശയിക്കുന്നുണ്ട്.
