ലൈംഗികാതിക്രമം നടത്തിയെന്ന് വ്യോമസേനയിലെ വനിതാ ഉദ്യാഗസ്ഥയുടെ പരാതി: ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് റിമാന്റില്‍

സായുധ സേനയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാന്‍ പോലീസിന് അധികാരമില്ലെന്ന പ്രതിയെ പ്രതിനിധീകരിച്ച അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി വ്യോമസേന ഉദ്യോഗസ്ഥനെ ജയിലിലടച്ചത്.

Update: 2021-09-27 01:22 GMT

കോയമ്പത്തൂര്‍: ലൈംഗികാതിക്രമം നടത്തിയെന്ന വ്യോമസേനയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ വ്യോമസേനയിലെ ഫ്‌ളൈറ്റ് ലെഫ്റ്റനന്റിനെ തമിഴ്‌നാട് പോലിസ് അറസ്റ്റ് ചെയ്തു. വ്യോമസേന അധികൃതര്‍പരാതി പരിഹരിച്ച നടപടിയില്‍ തൃപ്തിയില്ലാത്തതിനെ തുടര്‍ന്നാണ് ഇവര്‍ തമിഴ്‌നാട് പോലിസിനെ സമീപിച്ചത്.

പരിശീലനത്തിന് കോയമ്പത്തൂര്‍ എയര്‍ഫോഴ്‌സ് കോളേജിലെത്തിയതായിരുന്നു യുവതി. കോളേജിലെ തന്റെ മുറിയില്‍ വെച്ചാണ് ആക്രമണമുണ്ടായതെന്ന് അവര്‍ പറഞ്ഞു. ഒരു കായിക മത്സരത്തിനിടെ പരിക്കേറ്റ് മുറിയിലെത്തി മരുന്ന് കഴിച്ച് ഉറങ്ങുകയായിരുന്നുവെന്നും പീന്നീട് ഉണരുമ്പോള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി മനസിലായെന്നും ഉദ്യോഗസ്ഥ പറഞ്ഞു. തുടര്‍ന്ന് അവര്‍ വ്യോമസേനയ്ക്കും പിന്നീട് പോലീസിനും പരാതി നല്‍കുകയായിരുന്നു.

നഗരത്തിലെ ഗാന്ധിപുരം പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള വനിതാ പോലീസ് സംഘമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. അറസ്റ്റിലായ ഛത്തീസ്ഗഡ് സ്വദേശിയായ ഫ്‌ളൈറ്റ് ലെഫ്റ്റനന്റിനെ ഉദുമലപേട്ട് ജയിലിലേക്ക് റിമാന്റ് ചെയ്തു. സായുധ സേനയിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടാന്‍ പോലീസിന് അധികാരമില്ലെന്ന പ്രതിയെ പ്രതിനിധീകരിച്ച അഭിഭാഷകന്റെ വാദം തള്ളിയാണ് കോടതി വ്യോമസേന ഉദ്യോഗസ്ഥനെ ജയിലിലടച്ചത്.


Tags:    

Similar News