കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചെന്ന് പരാതി; മാധ്യമപ്രവര്‍ത്തകന്‍ അഭിസാര്‍ ശര്‍മ്മക്കെതിരേ കേസെടുത്തു

Update: 2025-08-22 07:47 GMT

ഗുവാഹത്തി: മാധ്യമപ്രവര്‍ത്തകന്‍ അഭിസര്‍ ശര്‍മ്മയ്‌ക്കെതിരെ കേസ്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസ്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വര്‍ഗീയ രാഷ്ട്രീയം പിന്തുടരുന്നുവെന്ന് ആരോപിച്ച് ശര്‍മ്മ യൂട്യൂബില്‍ ഒരു വീഡിയോ അപ്‌ലോഡ് ചെയ്‌തെന്നാണ് പരാതി. കേന്ദ്രസര്‍ക്കാരിനെതിരേയും വിമര്‍ശനമുന്നയിച്ചന്നും പരാതിയില്‍ പറയുന്നു.

ഭാരതീയ ന്യായ സംഹിത, 2023 (ബിഎന്‍എസ്)സെക്ഷന്‍ 152 (വാക്കുകള്‍, അടയാളങ്ങള്‍ അല്ലെങ്കില്‍ പ്രവൃത്തികള്‍ വഴി ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവയെ അപകടപ്പെടുത്തുന്നു), 196, 197 എന്നിവ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 152, 196, 197 എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരായ സിദ്ധാര്‍ത്ഥ് വരദരാജന്‍, കരണ്‍ ഥാപ്പര്‍ എന്നിവരെ ഓഗസ്റ്റ് 22 ന് ഹാജരാകാന്‍ വിളിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നടപടി.

ഗണേഷ്ഗുരിയിലെ നയന്‍പൂരില്‍ താമസിക്കുന്ന 23 കാരനായ അലോക് ബറുവയാണ് പരാതി നല്‍കിയത്. കേന്ദ്രത്തിലും അസമിലും ശരിയായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അപകീര്‍ത്തിപ്പെടുത്തുക എന്ന ദുരുദ്ദേശ്യത്തോടെയാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയതെന്നും അവ വര്‍ഗീയ വികാരങ്ങള്‍ പ്രകോപിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ബറുവ പറഞ്ഞു.പരാതിക്കാരന്റെ പ്രദേശത്ത് വീഡിയോ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്നും, ഇത് കണ്ടതിനുശേഷം ആളുകള്‍ മതത്തെ അടിസ്ഥാനമാക്കിയുള്ള വിഭജനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും ഇത് പൊതു സമാധാനത്തിനും ഐക്യത്തിനും ഭംഗം വരുത്തുമെന്നും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags: