സംസ്ഥാനത്ത് ബിഎല്‍ഓമാര്‍ക്ക് വേതനം ലഭിച്ചില്ലെന്ന് പരാതി

Update: 2026-04-14 06:05 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനു ശേഷവും എസ്‌ഐആര്‍ ഉള്‍പ്പെടെയുള്ള ജോലികളുടെ വേതനം ബിഎല്‍ഒമാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. വേതനം വൈകുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരോട് ചോദിക്കുമ്പോള്‍ വ്യക്തമായ മറുപടി നല്‍കുന്നില്ലെന്നും ബിഎല്‍ഒമാര്‍ പറയുന്നു.

എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും പിന്നാലെ വന്ന തദ്ദേശ തിരഞ്ഞെടുപ്പും ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പും ബിഎല്‍ഒമാര്‍ക്ക് വലിയ ജോലി സമ്മര്‍ദമാണ് ഉണ്ടാക്കിയത്. ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒമാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും കേരളത്തിലുള്‍പ്പെടെ റിപോര്‍ട്ട് ചെയ്തിരുന്നു. കഠിനമായ സമ്മര്‍ദത്തിലും കൃത്യമായി ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയെങ്കിലും തങ്ങളുടെ വേതനം മറ്റു സംസ്ഥാനങ്ങളിലെ ബിഎല്‍ഒമാരെ അപേക്ഷിച്ച് കുറവാണെന്നും ഇതുപോലും തരുന്നില്ലെന്നുമാണ് ബിഎല്‍ഒമാരുടെ പരാതി.

ഇവര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക നിരവധിയാണ്. വോട്ടെടുപ്പ് ദിനത്തില്‍ സഹായ കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട 900 രൂപ, വീടുകളില്‍ പോയി വോട്ട് ചെയ്യിപ്പിച്ചതിന് 650 രൂപ, സ്ലിപ്പ് വിതരണത്തിനുള്ള 600 രൂപ എന്നിങ്ങനെ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒരാള്‍ക്ക് 6,000 രൂപ ലഭിക്കേണ്ടതാണെന്നാണ് ബിഎല്‍ഒമാര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: