മലപ്പുറം: എടവണ്ണ, കൊയിലാണ്ടി സംസ്ഥാന പാതയില്‍ എരഞ്ഞിമാവ് മുതല്‍ എടവണ്ണവരെയും അരീക്കോട് സൗത്ത് പുത്തലം മുതല്‍ മഞ്ചേരി വരെയും റോഡിലെ കയ്യേറ്റങ്ങള്‍ കണ്ടെത്തി തിരിച്ചുപിടിക്കാതെ റോഡ് പണിയുന്നതിനെതിരേ പരാതി.
158 കോടി ചെലവില്‍ തുടങ്ങിയ എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ കയ്യേറ്റം ഒഴിപ്പിക്കാതെ റോഡ് നിര്‍മാണം നടത്തുന്നതിനെതിരെയാണ് മുഖ്യമന്ത്രിക്കും പൊതു മരാമത്ത് വകുപ്പ് മന്ത്രിക്കും പരാതി നല്‍കിയത്. അരീക്കോട് മേഖല റോഡ് സുരക്ഷാസമിതി കണ്‍വീനര്‍ കെ എം സലിം പത്തനാപുരമാണ് പരാതിക്കാരന്‍.
നിര്‍മാണം ഏറെ വൈകിയാരംഭിച്ചതിനാല്‍ എന്‍ജിനിയര്‍മാരുടെ മേല്‍നോട്ടം കാര്യമായില്ല. അരീക്കോട്, പത്തനാപുരം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ റോഡിന്റെ വീതി വളരെ കുറവാണ്, കയ്യേറ്റമാണ് കാരണം.
റോഡ് കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചതിനു ശേഷം മാത്രമേ റോഡ് പണി ആരംഭിക്കാവൂവെന്ന് പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്. അത് ലംഘിച്ചിരിക്കുകയാണ്. അതിനു പിന്നില്‍ സ്ഥാപിത താല്‍പര്യമാണെന്നും പരാതിയുണ്ട്. നിലവിലെ റോഡ് പൂര്‍ത്തിയാവുന്നതോടെ പൊതുഭൂമി എക്കാലത്തേക്കുമായി നഷ്ടപ്പെടുമെന്ന ആശങ്കയും പരാതിയില്‍ പങ്കുവച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കയച്ച പരാതി തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതാണ് വിവരം. കയ്യേറ്റം ഒഴിപ്പിച്ചിച്ചാല്‍ റോഡ് വീതി ലഭിക്കുമെന്ന് റോഡ് സുരക്ഷാ സമിതി ഭാരവാഹികള്‍ പറഞ്ഞു.
