തൃശൂര്‍ ജില്ലയിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഒപി സമയം വൈകിട്ട് 6 വരെ

Update: 2022-08-29 08:51 GMT

തൃശൂര്‍: ജില്ലയില്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം ഇനി മുതല്‍ വൈകിട്ട് 6 മണി വരെയായിരിക്കും. ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗത്തിലാണ് തീരുമാനം. കൊവിഡ് കാരണം സിഎച്ച്‌സികളില്‍ ഒപി ആറ് മണി വരെ പ്രവര്‍ത്തിച്ചിരുന്നില്ല.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ കാറ്റഗറി തിരിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്ന് യോഗത്തില്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി അവ വേഗത്തിലാക്കാനുളള നടപടികള്‍ സ്വീകരിക്കാന്‍ മണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാരെ ഉള്‍പ്പെടുത്തി പ്രത്യേക യോഗങ്ങള്‍ ചേരും. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇഹെല്‍ത്ത് സംവിധാനം ആരംഭിക്കുന്നതിനുവേണ്ട സൗകര്യം പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിങ്, കെഎസ്ഇബി എന്നീ വിഭാഗങ്ങള്‍ സഹകരിച്ച് ഒരുക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.

വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന കേസുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എംഎല്‍എമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള എല്ലാ കേസുകളും അടുത്ത സ്യൂട്ട് കോണ്‍ഫറന്‍സില്‍ അവലോകനം ചെയ്യണമെന്നും ഇവയുടെ നിലവിലെ സ്ഥിതി അടുത്ത ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിക്കണമെന്നും തീരുമാനിച്ചു.

റവന്യൂ, വഖഫ് ഭൂമികളില്‍ വലിയ തോതിലുള്ള കയ്യേറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എംഎല്‍എമാര്‍ യോഗത്തില്‍ അറിയിച്ചു. ഈ പ്രവണത ഇല്ലാതാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു. താഹസില്‍ദാര്‍മാര്‍, സര്‍വേയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈ കയ്യേറ്റങ്ങള്‍ ഉടനടി ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ വിഹിതം ഉപയോഗിച്ച് ഓരോ പഞ്ചായത്തിലും എത്ര വീട് കൊടുക്കാം എന്ന ലിസ്റ്റ് സെപ്റ്റംബര്‍ 6നകം ലഭ്യമാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എംഎല്‍എമാരായ എന്‍ കെ അക്ബര്‍, സേവ്യര്‍ ചിറ്റിലപ്പള്ളി, കെ കെ രാമചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News