കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വം; മതവിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്‌വൈഎസ്

Update: 2022-01-12 11:55 GMT

മലപ്പുറം: മതനിരാസം വളര്‍ത്താനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തന്ത്രത്തില്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കണമെന്നും മതവിശ്വാസികള്‍ക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കാമെന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന ചതിക്കുഴിയാണെന്നും എസ്‌വൈഎസ് നേതാക്കള്‍.

ജില്ലാ ഭാരവാഹികളായ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സെക്രട്ടറി ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ലൂടെ ഇക്കാര്യം അറിയിച്ചത്. 

നേരത്തെ പാര്‍ട്ടി അംഗങ്ങള്‍ക്ക് മതവിശ്വാസികളാകാന്‍ കഴിയില്ലെന്നും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും പാര്‍ട്ടി നയം പ്രഖ്യാപിച്ച വരില്‍ നിന്നും അതിനായി പ്രവര്‍ത്തിക്കുന്നവരില്‍ നിന്നുമാണ് അതിന് കടകവിരുദ്ധമായ ഇത്തരം പ്രസ്താവന ഉണ്ടായിരിക്കുന്നത്. കൃത്യമായ രാഷ്ട്രീയ അജണ്ടയാണ് ഇതിനു പിന്നിലുള്ളത്. യഥാര്‍ത്ഥ മതവിശ്വാസികള്‍ക്ക് കാറല്‍ മാര്‍ക്‌സിന്റെ സിദ്ധാന്തം ഉള്‍കൊള്ളാന്‍ കഴിയില്ല. കമ്മ്യൂണിസത്തിന്റെ ഉല്‍ഭവം തന്നെ മതനിരാസമാണ്. സാധാരണക്കാരായ മുസ് ലിം ബഹു ജനങ്ങളുടെ വിശ്വാസത്തിലും കര്‍മ്മത്തിലും മായം ചേര്‍ക്കുന്ന പ്രവണത സിപിഎം അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 

Tags: