കോവിലകത്ത് പോയി താഴ്ന്നുവണങ്ങി നിലമ്പൂരിലെ കമ്മ്യൂണിസ്റ്റ് ചെയര്‍മാന്റെ അനുഗ്രഹം വാങ്ങല്‍
ബിജെപി വിജയിച്ച വാര്‍ഡാണ് കോവിലകം എന്നും അവിടെ തന്നെ പോയി രാജഭരണത്തിന്റെ അടയാളത്തിനു മുന്നില്‍ കാല്‍ക്കല്‍ വീണത് ഒഴിവാക്കാമായിരുന്നു എന്ന തരത്തിലാണ് വിമര്‍ശനം ഉയരുന്നത്
മലപ്പുറം: രാജഭരണം അവസാനിച്ചെങ്കിലും തമ്പ്രാന്റെ മുന്നില്‍ താഴ്ന്നുവണങ്ങി നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍. എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭയുടെ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം ആണ് നിലമ്പൂര്‍ കോവിലകത്ത് പോയി അനുഗ്രഹം വാങ്ങിയത്. ഫെയ്‌സ്ബുക്കിലൂടെ ചെയര്‍മാന്‍ തന്നെയാണ് ഫോട്ടോ സഹിതം ഇത് പുറത്തുവിട്ടത്.
'നിലമ്പൂര്‍ നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ആദ്യ അനുഗ്രഹം വാങ്ങാനായി നിലമ്പൂര്‍ കോവിലകം സീനിയര്‍ രാജ സത്യനാഥന്‍ തമ്പാന്റെ സമക്ഷത്തെത്തിയപ്പോള്‍. സി.പി.എം ഏരിയ സെക്രട്ടറി ഇ പത്മാക്ഷന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ റഹീം, പി.എം ബഷീര്‍ എന്നിവര്‍ സമീപം.' എന്നാണ് മാട്ടുമ്മല്‍ സലീം ഫോട്ടോ സഹിതം പോസ്റ്റു ചെയ്തത്.
തമ്പ്രാന്റെ 'സമക്ഷത്തില്‍' എത്തി കമ്മ്യൂണിസറ്റ് നേതാവായ ചെയര്‍മാന്‍ ആദ്യാനുഗ്രഹം വാങ്ങിയതിനെതിരില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ബിജെപി വിജയിച്ച വാര്‍ഡാണ് കോവിലകം എന്നും അവിടെ തന്നെ പോയി രാജഭരണത്തിന്റെ അടയാളത്തിനു മുന്നില്‍ കാല്‍ക്കല്‍ വീണത് ഒഴിവാക്കാമായിരുന്നു എന്ന തരത്തിലാണ് വിമര്‍ശനം ഉയരുന്നത്. നിലമ്പൂര്‍ നഗരസഭാ രൂപീകരണത്തിനു ശേഷം ആദ്യമായാണ് എല്‍ഡിഎഫ് ഭരണത്തിലേറിയത്.