'അസ്വാഭാവികമായ സഖ്യങ്ങളില്‍നിന്ന് പുറത്തുവരിക'; ഉദ്ദവിനെ ഉപദേശിച്ച് വിമതനേതാവ്
ഗുവാഹത്തി: മഹാ വികാസ് അഘാഡി അസ്വാഭാവികമായ കൂട്ടായ്മയാണെന്നും ആ സഖ്യം പിളര്‍ത്തി ശിവസേന പുറത്തുവരണമെന്നും വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെ. ശിവസേനക്ക് ഒരുപാര്‍ട്ടിയായി നിലനില്‍ക്കാനുള്ള ഏക വഴി അതാണെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.
മഹാവികാസ് അഘാഡി സഖ്യം അസ്വാഭാവികവും ഒപ്പമുള്ള കോണ്‍ഗ്രസ്സിനും എന്‍സിപിക്കും മാത്രമാണ് അത് ഉപയോഗപ്പെടുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിമതഎംഎല്‍എമാര്‍ താഴെയിറങ്ങാന്‍ ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ മുഖ്യമന്ത്രി പദം ഒഴിയാന്‍ തയ്യാറാണെന്ന മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ ഫേസ് ബുക്ക് ലൈവിനു ശേഷം ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഷിന്‍ഡെ.
'കഴിഞ്ഞ രണ്ടര വര്‍ഷമായി മഹാവികാസ് അഘാഡി സര്‍ക്കാര്‍ ഗുണം ചെയ്തത് ഘടകകക്ഷികള്‍ക്ക് മാത്രമാണ്. പാര്‍ട്ടിയുടെ നിലനില്‍പ്പിന് അസ്വാഭാവിക സഖ്യത്തില്‍ നിന്ന് പുറത്തുകടക്കേണ്ടത് അത്യാവശ്യമാണ്. മഹാരാഷ്ട്രയുടെ താല്‍പ്പര്യത്തിനനുസരിച്ച് ഇപ്പോള്‍ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്.'- ഷിന്‍ഡെ ട്വീറ്റ് ചെയ്തു.
താന്‍ പാര്‍ട്ടി രാജി എഴുതിനല്‍കാന്‍ തയ്യാറാണെന്നും പാര്‍ട്ടി എംഎല്‍എമാര്‍ക്ക് അത് ഗവര്‍ണര്‍ക്ക് എത്തിച്ചുനല്‍കാവുന്നതാണെന്നും ഇന്ന് രാവിലെ ഉദ്ദവ് പറഞ്ഞിരുന്നു.