കോളജുകള്‍ ഹോട്ട്‌സ്‌പോട്ടുകളാവുന്നു; പാട്യാല മെഡിക്കല്‍ കോളജില്‍ 100 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്
ഛണ്ഡീഗഢ്: പഞ്ചാബില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രത്യേകിച്ച് കോളജുകള്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളാവുന്നു. പാട്യാല മെഡിക്കല്‍ കോളജില്‍നിന്നാണ് അവസാന റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഇവിടെ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
വിദ്യാര്‍ത്ഥികളോട് ഹോസ്റ്റല്‍ മുറികള്‍ ഒഴിയാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. ജില്ലാ അധികൃതര്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
പഞ്ചാബില്‍ ഹോട്ട് സ്‌പോട്ടായി മാറിയ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് ഇത്. നേരത്തെ പാട്യാലയിലെ താപര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിങ് കോളജില്‍ 93 വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പഞ്ചാബില്‍ കൊവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 28ന് 51 കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ ദിവസം 419 കേസുകളായി അത് വര്‍ധിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പഞ്ചാബ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ റിസര്‍ച്ച് മന്ത്രി രാജ് കുമാര്‍ വെര്‍ക പറഞ്ഞു. നിരീക്ഷിക്കാന്‍ ജില്ലാ അധികൃതരെയും ആരോഗ്യവകുപ്പിനെയും ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.
ഇന്ന് മുഖ്യമന്ത്രി ചന്ദ്രജിത് സിങ് ചന്നി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കൊവിഡ് വ്യാപനം രൂക്ഷമാവുന്നത്.
