ലക്ഷദ്വീപില്‍ 3 ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിച്ചുവെന്ന കലക്ടറുടെ അവകാശവാദം കല്ലുവച്ച നുണ; തെളിവുകള്‍ പുറത്ത്
കൊച്ചി: ലക്ഷദ്വീപില്‍ കൊവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി 3 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുവെന്ന കലക്ടറുടെ അവകാശവാദം തെറ്റ്. അഗത്തി, കവരത്തി ദ്വീപുകളില്‍ മെഡിക്കല്‍ ഓക്‌സിന്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ടെന്റര്‍ നടപടികള്‍ക്കായി അപേക്ഷ ക്ഷണിച്ചതോടെയാണ് കലക്ടറുടെ അവകാശവാദം തെറ്റാണെന്നതിന് തെളിവുകള്‍ പുറത്തുവന്നത്. കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് കലക്ടര്‍ അസ്‌കര്‍ അലി ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചുവെന്ന് അവകാശപ്പെട്ടത്.
കവരത്തിയിലെ ലക്ഷദ്വീപ് പിഡ്ബ്യുഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയരാണ് മെഡിക്കല്‍ ഓക്‌സിന്‍ പൈപ്പ്‌ലൈനുള്ള ടെന്‍ഡര്‍ ക്ഷണിച്ചത്.
ലക്ഷദ്വീപിലെ ജനങ്ങളുടെ സാംസ്‌കാരികവും സാമ്പത്തികവുമായ താല്‍പ്പര്യങ്ങള്‍ക്കെതിരേ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേല്‍ നടപ്പാക്കുന്ന നയങ്ങള്‍ക്ക് കുടപിടിക്കുകയാണ് കലക്ടര്‍ എന്ന ആരോപണം നിലനി്ല്‍ക്കുമ്പോഴാണ് കലക്ടര്‍ക്കെതിരേ പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നത്.
ഇതിനിടയില്‍ ലക്ഷദ്വീപിനെ തകര്‍ക്കാനുളള പ്രഫുല്‍ ഖോഡാ പട്ടേലിന്റെ നീക്കങ്ങള്‍ക്കെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. സേവ് ലക്ഷദ്വീപ് കേരളീയ ജനകീയ കൂട്ടായ്മ എന്ന പേരില്‍ രൂപം കൊടുത്ത കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ന് ലക്ഷദ്വീപ് നിവാസികളുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കരിദിനം ആചരിക്കുന്നുണ്ട്. അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നാണ് പ്രധാന ആവശ്യം.
ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍, ഡോ. എംജിഎസ്, ജസ്റ്റിസ് കമാല്‍ പാഷ എന്നിവര്‍ രക്ഷാധികാരികളായി മുന്‍ എംപി അഡ്വ. തമ്പാന്‍ തോമസ് ചെയര്‍മാനും അനു ചാക്കോ, ഭാസുരേന്ദ്ര ബാബു, ഡോ. ഷറഫുദ്ദീന്‍ കടമ്പോട്ട് വൈസ് ചെയര്‍മാന്‍മാരുമായ കമ്മിറ്റിയാണ് കരിദിനത്തിന് ആഹ്വാനം ചെയ്തത്.
