ഛത്തിസ്ഗഢില്‍ കൊവിഡ് നിര്‍ദേശം ലംഘിച്ച യുവാവിനെ കലക്ടര്‍ മുഖത്തടിച്ചു; ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി; കലക്ടറെ സ്ഥലംമാറ്റി
സുരാജ്പൂര്‍: ഛത്തിസ്ഗഢില്‍ കൊവിഡ് നിര്‍ദേശം ലംഘിച്ചുവെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച കലക്ടറെ സ്ഥലം മാറ്റി. സുരാജ്പൂര്‍ ജില്ലാ കലക്ടര്‍ രണ്‍ബീര്‍ ശര്‍മയാണ് കൊവിഡ് നിര്‍ദേശം ലംഘിച്ചുവെന്നാരോപിച്ച് യുവാവിനെ മുഖത്തടിച്ചത്. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ പ്രവര്‍ത്തി നിര്‍ഭാഗ്യകരമാണെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
റായ്പൂര്‍ ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറെ സുരാജ്പൂരിലെ പുതിയ കലക്ടറായി നിയോഗിച്ചു.
കലക്ടറുടെ നടപടിയെ ഐഎഎസ് അസോസിയേഷന്‍ അപലപിച്ചു. സുരാജ്പൂര്‍ കലക്ടറുടെ നടപടി അപലപനീയമാണെന്നും അടിസ്ഥാന നിയമങ്ങള്‍ക്ക് എതിരാണെന്നും ജനങ്ങളോട് അനുതാപമുള്ളവരാവണം പ്രത്യേകിച്ച് ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥരെന്നും ഐഎഎസ് അസോസിയേഷന്‍ ട്വീറ്റ് ചെയ്തു.
കലക്ടര്‍ മുഖത്തടിച്ച വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥനെതിരേ പ്രതിഷേധമുയര്‍ന്നത്. ആരുടെയും അന്തസ്സിനെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും താന്‍ സ്വയം കൊവിഡ് ബാധിച്ചയാളാണെന്നും തന്റെ മാതാവ് കൊവിഡ് മൂലം രോഗാവസ്ഥയിലാണെന്നും കലക്ടര്‍ പിന്നീട് പറഞ്ഞു. സംഭവത്തില്‍ കലക്ടര്‍ ഖേദം പ്രകടിപ്പിച്ചു.
മാധ്യമങ്ങള്‍ പറയുന്നതുപോലെ താന്‍ മര്‍ദിച്ചയാല്‍ പ്രായപൂര്‍ത്തിയാവാത്തയാളല്ലെന്നും 23 വയസ്സുകാരനാണെന്നും കലക്ടര്‍ പറഞ്ഞു.