ഡല്‍ഹിയില്‍ ശീതതരംഗം; വായു ഗുണനിലവാര സൂചിക മോശം വിഭാഗത്തില്‍

Update: 2026-01-11 07:12 GMT

ന്യൂഡല്‍ഹി: ഇന്ന് ദേശീയ തലസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശീതതരംഗം അനുഭവപ്പെട്ടു. ചില മേഖലകളില്‍ കുറഞ്ഞ താപനില 4.1 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയായി. ഡല്‍ഹിയിലെ കുറഞ്ഞ താപനില 4.8 ഡിഗ്രി സെല്‍ഷ്യസ് ആയി രേഖപ്പെടുത്തിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇത് സീസണല്‍ ശരാശരിയേക്കാള്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണെന്നും ഐഎംഡി വ്യക്തമാക്കി.

ശീതതരംഗ സാധ്യത കണക്കിലെടുത്ത് നഗരത്തില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും സമാനമായ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. പരമാവധി താപനില 17 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ താപനില സാധാരണ ശരാശരിയേക്കാള്‍ 4.5 മുതല്‍ 6.5 ഡിഗ്രി സെല്‍ഷ്യസ് വരെ താഴെയായാല്‍ ശീതതരംഗമായി കണക്കാക്കുന്നതാണ്. ഇന്ന് സഫ്ദര്‍ജംഗില്‍ 4.8 ഡിഗ്രി സെല്‍ഷ്യസും പാലമില്‍ 3 ഡിഗ്രി സെല്‍ഷ്യസും ലോധി റോഡില്‍ 4.6 ഡിഗ്രി സെല്‍ഷ്യസും റിഡ്ജില്‍ 3.7 ഡിഗ്രി സെല്‍ഷ്യസും അയനഗറില്‍ 2.9 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തിയതായി ഐഎംഡി അറിയിച്ചു. രാവിലെ 8.30നു നഗരത്തിലെ ആപേക്ഷിക ആര്‍ദ്രത 97 ശതമാനമായി രേഖപ്പെടുത്തി.

ഇതിനിടെ, ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 9 മണിയോടെ 'മോശം' വിഭാഗത്തിലായിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം എക്യൂഐ 295 ആയി രേഖപ്പെടുത്തി. 0-50 'നല്ലത്', 51-100 'തൃപ്തികരം', 101-200 'മിതം', 201-300 'മോശം', 301-400 'വളരെ മോശം', 401-500 'ഗുരുതരം' എന്നിങ്ങനെയാണ് എക്യൂഐ കണക്കാക്കുന്നത്.

Tags: