തിരുവനന്തപുരം: സഹകരണ വകുപ്പ് പ്രഖ്യാപിച്ച നിക്ഷേപ സമാഹരണ യജ്ഞത്തില്‍ സമാഹരിച്ചത് 7,253.65 കോടി രൂപ. 6,000 കോടി രൂപയായിരുന്നു ലക്ഷ്യം വച്ചത്. 1,253 കോടി രൂപയുടെ അധിക നിക്ഷേപം സഹകരണ സ്ഥാപനങ്ങള്‍ നേടി. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങള്‍ക്കിടയിലായിരുന്നു നിക്ഷേപ സമാഹരണ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. മാര്‍ച്ച് 31 ന് വൈകുന്നേരം വരെയുള്ള ഏകദേശ കണക്ക് അനുസരിച്ച് നിക്ഷേപ സമാഹരണ കാലയളവില്‍ 3,375.54 കോടി രൂപ വിവിധ നിക്ഷേപങ്ങളായി കേരള ബാങ്കിനു ലഭിച്ചു. 1,025 കോടി രൂപയായിരുന്നു ലക്ഷ്യം. ലക്ഷ്യത്തേക്കാള്‍ 329 ശതമാനം അധികമാണിത്.
കേരള ബാങ്ക് ഒഴികെയുള്ള സഹകരണ സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. 506.89 കോടി രൂപയാണ് എറണാകുളം ജില്ലയിലെ വിവിധ സഹകരണ ബാങ്കുകളിലായി ലഭിച്ചത്. കണ്ണൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളില്‍ 463 കോടിയുടെ നിക്ഷേപമാണ് ഇക്കാലയളവില്‍ ഉണ്ടായത്. നിക്ഷേപ സമാഹരണ യജ്ഞത്തില്‍ രണ്ടാം സ്ഥാനത്താണ് കണ്ണൂര്‍. 300 കോടി രൂപ ലക്ഷ്യം വച്ച കൊല്ലം ജില്ലയിലെ സഹകരണ ബാങ്കുകള്‍ 343.57 കോടി രൂപയുടെ നിക്ഷേപം നേടി. 350 കോടി രൂപ ലക്ഷ്യം വച്ച പാലക്കാട് 383.41 കോടിയുടെ നിക്ഷേപം നേടി. മലപ്പുറം ജില്ലാ സഹകരണ ബാങ്കില്‍ 433.10 കോടി രൂപയുടെ നിക്ഷേപ വര്‍ദ്ധനയുണ്ടായി. 75 കോടിയായിരുന്നു ലക്ഷ്യമിട്ടത്. തിരുവനന്തപുരത്തെ സഹകരണ ബാങ്കുകള്‍ 136 കോടി രൂപയും പത്തനംതിട്ട 125 കോടിയും ആലപ്പുഴ 201 കോടിയും കോട്ടയം 193 കോടിയും ഇടുക്കി 61.23 കോടിയും തൃശ്ശൂര്‍ 289.13 കോടിയും മലപ്പുറം 396.30 കോടിയും കോഴിക്കോട് 260.38 കോടിയും വയനാട് 43 കോടിയും കാസര്‍കോട് 152 കോടി രൂപയും നിക്ഷേപ സമാഹരണ യജ്ഞക്കാലത്ത് സമാഹരിച്ചു.
നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ആദ്യ കണക്കുകള്‍ ലഭിക്കുമ്പോള്‍ സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളിലെ നിക്ഷേപം 1,14,105. 72 കോടിയായി ഉയര്‍ന്നു. അര്‍ബന്‍ ബാങ്കുകളുടെ നിക്ഷേപമാകട്ടെ 16,663.31 കോടിയാണ്. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കുകളുടെ നിക്ഷേപം 335.04 കോടിയും ഇതര സഹകരണ സംഘങ്ങളുടെ നിക്ഷേപം 13,394.39 കോടിയുമാണ്. എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍, അഗ്രികള്‍ച്ചറല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍, മള്‍ട്ടി പര്‍പ്പസ് സൊസൈറ്റികള്‍ എന്നിവരുടെ നിക്ഷേപം 27,89.14 കോടി രൂപയാണ്. സംസ്ഥാനത്ത് കേരള ബാങ്ക് ഒഴികെയുള്ള സഹകരണ സംഘങ്ങളിലായി ആകെ 2,46,524.99 കോടിയുടെ നിക്ഷേപം 202122 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ലഭിച്ചിട്ടുണ്ട്.

