സഹകരണ ബാങ്ക് പലിശ പുതുക്കി നിശ്ചയിച്ചു; നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടി, വായ്പാ പലിശ കുറച്ചു

Update: 2022-02-10 02:59 GMT

തിരുവനന്തപുരം; സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. രണ്ട് വര്‍ഷത്തിനു മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ ആറര ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി ഉയര്‍ത്തി.

15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് അഞ്ച് ശതമാനമായി ഉയര്‍ത്തി. നേരത്തെ ഇത് 4.75 ശതമാനമായിരുന്നു. മൂന്ന് മാസം (46 ദിവസം മുതല്‍ 90 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 5.25 ശതമാനത്തില്‍ നിന്നും അഞ്ചര ശതമാനത്തിലേയ്ക്ക് ഉയര്‍ത്തി. ആറ് മാസം (91 ദിവസം മുതല്‍ 180 ദിവസം വരെ) വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനമായിരിക്കും ഇനി മുതല്‍ പലിശ. ഒരു വര്‍ഷം (181 364 ദിവസം) വരെയുള്ള നിക്ഷേപങ്ങളുടെ പലിശ 6.25 ശതമാനമായും ഒരു വര്‍ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് ഏഴ് ശതമാനമായും പലിശ പുതുക്കി നിശ്ചയിച്ചു.

വിവിധ വായ്പകളുടെ പലിശ നിരക്കില്‍ അര ശതമാനം വരെ കുറവു വരുത്തി. വായ്പകളുടെ സ്വഭാവം അനുസരിച്ചായിരിക്കും പലിശ നിര്‍ണയിക്കുക. 2021 ജനുവരിയിലും നിക്ഷേപ, വായ്പാ പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിരുന്നു.

ഇന്നലെ പലിശ നിര്‍ണയ സമിതി ചെയര്‍മാന്‍ കൂടിയായ സഹകരണ മന്ത്രി വി.എന്‍. വാസവന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പലിശ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചത്.

സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള സഹകരണ സ്ഥാപനങ്ങളുടെ പലിശ നിരക്കാണ് നിശ്ചയിച്ചത്. സര്‍വീസ് സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ സംഘങ്ങള്‍, റീജിയണല്‍ റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റികള്‍, എംപ്ലോയ്‌സ് സഹകരണ സംഘങ്ങള്‍, അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കാണ് പുതുക്കിയ പലിശ നിരക്ക് ബാധകം.  

Tags:    

Similar News