സഹകരണ മന്ത്രാലയം: സര്‍വകക്ഷിയോഗം വിളിക്കുമെന്ന് മന്ത്രി വാസവന്‍; നിയമപരമായി നേരിടണമെന്ന് ചെന്നിത്തല
ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ച അമിത് ഷായെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സഹകരണ മന്ത്രാലയ രൂപീകരണം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലുള്ള കടന്നാക്രമണമാണെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. സഹകരണം സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ സര്‍വകക്ഷിയോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിസഭാ പുനസംഘടനയില്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സഹകരണ മന്ത്രാലയത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കേന്ദ്രത്തില്‍ സഹകരണത്തിന് പുതിയ മന്ത്രാലയമുണ്ടാക്കിയത് ഭരണഘടനാവിരുദ്ധമാണ്. പ്രഥമ സഹകരണ മന്ത്രിയായി ബിജെപി നേതാവ് അമിത് ഷാ ചുമതലയേറ്റതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സഹകരണ പ്രസ്ഥാനത്തെ വര്‍ഗീയ വത്കരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് അമിത് ഷായുടെ കടന്ന് വരവ്.ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനും ചൊല്‍പ്പടിക്ക് നിര്‍ത്താനുമാണ് ഇത്തരം നീക്കങ്ങള്‍. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ നിയമപരമായി നേരിടണം. താനും നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
നേരത്തെ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസകും കേന്ദ്ര സഹകരണ മന്ത്രാലയത്തിന് എതിരെ രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോണ്‍ഗ്രസില്‍ നിന്നും അടര്‍ത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ച അമിത് ഷാ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ലെന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം. ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു അദ്ദേഹം ഉന്നയിച്ചത്.
ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവായ അമൂല്‍ കുര്യനെ പാല്‍ സഹകരണ മേഖലയില്‍ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നില്‍ ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവര്‍ത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ല. ഗുജറാത്തിലെയും രാജ്യത്തെയും ധവളവിപ്ലവത്തിന്റെ നായകന് മരണത്തിനുശേഷംപോലും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തൊട്ടടുത്തൊരു പട്ടണത്തില്‍ ഉണ്ടായിട്ടുപോലും മോഡി തയ്യാറായില്ല എന്നതില്‍ നിന്നും എത്രമാത്രമായിരുന്നു വൈരാഗ്യമെന്ന് ഊഹിക്കാം. ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടിയിരുന്നു.
മന്ത്രിസഭാ വികസനത്തില്‍ സഹകരണ മന്ത്രാലയം രൂപീകരിക്കാനുള്ള ധൃതി പിടിച്ചുള്ള കേന്ദ്രത്തിന്റെ ഈ നീക്കത്തിനു പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. ജൂലൈ ആറിനാണ് സഹകരണ മന്ത്രാലയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ സഹകരണമന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ രൂപം പുറത്തുവരാത്തതും അമിത് ഷായ്ക്ക് ചുമതല നല്‍കിയതുമാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ക്കുള്ള പ്രധാന കാരണം.
