മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണപദ്ധതി; പുനര്‍നിര്‍മിച്ച റോഡുകളുടെ പരിപാലനം കരാറുകാരുടെ ചുമതല

Update: 2022-04-29 13:03 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍നിര്‍മിച്ച റോഡുകളുടെയെല്ലാം രണ്ടു വര്‍ഷത്തെ പരിപാലനം കരാറുകാര്‍ നിര്‍വഹിക്കുമെന്ന് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പുനര്‍നിര്‍മിച്ച 1200 റോഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം അഴൂര്‍ കോളിച്ചിറയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

പദ്ധതി പ്രകാരം 4890 പ്രവൃത്തികളുടെ കരാര്‍ ഉറപ്പിച്ചു. 3412 റോഡുകളുടെ പുനര്‍നിര്‍മാണം പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയാക്കിയ 2200 റോഡുകളുടെ ഉദ്ഘാടനം മുന്‍ ഘട്ടങ്ങളില്‍ നടന്നു. ആയിരം കോടി രൂപയുടെ പദ്ധതിയില്‍ 12,000 കിലോമീറ്റര്‍ റോഡാണ് പുനര്‍നിര്‍മിക്കുന്നത്. കേരളത്തിലെ 140 മണ്ഡലങ്ങളിലും പദ്ധതി നടപ്പാക്കുന്നുണ്ട്. റോഡ് നിര്‍മാണത്തിലെ ഗുണനിലവാരം പരിശോധിക്കുന്നതിന് റിട്ടയര്‍ ചെയ്ത സൂപ്രണ്ടിംഗ് എന്‍ജിനിയര്‍മാരെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുമുണ്ട്. ഇതോടൊപ്പം വാര്‍ഡുതലത്തില്‍ പഞ്ചായത്ത് അംഗങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ പ്രവൃത്തികള്‍ വിലയിരുത്താന്‍ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിവിധ മേഖലകളില്‍ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു. പാവപ്പെട്ട ജനങ്ങള്‍ക്ക് ഗുണമേന്‍മയോടെ ജീവിക്കാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. അതാണ് കേരള മോഡല്‍. നീതി ആയോഗ് കണക്കുകളിലും കേരളം മുന്നിലാണ്. ആയുര്‍ദൈര്‍ഘ്യത്തിലും കേരളം മുന്നിലാണ്. ലൈഫ് പദ്ധതിയില്‍ എല്ലാവര്‍ക്കും വീട് സര്‍ക്കാര്‍ നല്‍കുകയാണ്. 20 ലക്ഷം യുവതീയുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും നിശ്ചയിച്ചിട്ടുണ്ട്. കേരളത്തെ ശുചിത്വമുള്ള നാടായി മാറ്റാനാകണമെന്നും മന്ത്രി പറഞ്ഞു. 

Tags: