മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് മുഖ്യമന്ത്രിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

അദാനി ആരെല്ലാമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി

Update: 2021-04-02 10:26 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പിആര്‍ ഏജന്‍സികള്‍ നല്‍കിയ വിശേഷണമാണ് ക്യാപ്റ്റന്‍ എന്നത്. ക്യാപ്റ്റന്‍ എന്ന മുദ്രാവാക്യം വിളിക്കാന്‍ പിആര്‍ ഏജന്‍സികള്‍ തന്നെ 2000 ആളുകളെ സ്ഥിരമായി ഏര്‍പ്പാടാക്കുന്നു. മുങ്ങാന്‍ പോകുന്ന കപ്പലിലെ ക്യാപ്റ്റനാണ് മുഖ്യമന്ത്രിയെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സഹസ്രകോടീശ്വരന്‍മാരുടെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി. സാധാരണക്കാരന്റെയോ ബീഡിത്തൊഴിലാളികളുടെയോ നെയ്ത്ത് തൊഴിലാളികളുടേയോ അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെയോ ക്യാപ്റ്റനല്ല അദ്ദേഹം. പരാജയ ഭീതികൊണ്ട് മുഖ്യമന്ത്രി ജല്‍പ്പനങ്ങള്‍ നടത്തുകയാണ്. ബോംബ് പൊട്ടുമെന്നത് മുഖ്യമന്ത്രിയുടെ സൃഷ്ടിയാണ്. പരാജയ കാരണങ്ങളില്‍ നിന്നും രക്ഷനേടാനുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ ബോംബ് പ്രയോഗമെന്നും മുല്ലപ്പള്ളി പറഞ്ഞു.

രണ്ടു ദിവസം മുന്‍പ് പിണറായി വിജയന്‍ കണ്ണൂരില്‍ ഉള്ളപ്പോള്‍ അദാനി കുടുംബം കേരളത്തിലെത്തിയ കാര്യം രഹസ്യാനേഷണ വിഭാഗം മുഖ്യമന്ത്രിക്ക് മുന്‍കൂട്ടി വിവരം നല്‍കിയിരുന്നോയെന്നും എങ്കില്‍ അവര്‍ ആരുമായെല്ലാം രഹസ്യക്കൂടിക്കാഴ്ച നടത്തിയെന്നത് മുഖ്യമന്ത്രി വിശദീകരിക്കണം. മുഖ്യമന്ത്രിക്ക് അടുപ്പമുള്ള കോടിശ്വരനാണ് ഗൗതം അദാനി. ബിജെപിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണോ മുഖ്യമന്ത്രി അദാനിയുമായി വൈദ്യുതി കരാറില്‍ ഏര്‍പ്പെട്ടതെന്ന് വ്യക്തമാക്കണം. ഉപയോക്താക്കള്‍ക്ക് വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തുന്ന അദാനിയുമായുള്ള കെഎസ്ഇബിയുടെ കരാറിലെ വ്യവസ്ഥകള്‍ പുറത്തുവിടണം. ക്രമാതീതമായ വൈദ്യുതി ചാര്‍ജ് വര്‍ധനയിലേക്ക് തള്ളിവിടുന്നതാണ് ഈ കരാര്‍. അദാനിയില്‍ നിന്നും 300 മെഗാവാട്ട് സോളാര്‍ വൈദ്യുതിയാണ് ഉയര്‍ന്ന നിരക്കില്‍ വാങ്ങുന്നത്. നിലവില്‍ ഒരു യൂനിറ്റ് വൈദ്യുതി 1.90 രൂപയ്ക്ക് സംസ്ഥാനത്തിന് ലഭ്യമാകുമെന്നിരിക്കെ 2.82 രൂപയ്ക്ക് അദാനിയില്‍ നിന്നും വാങ്ങുന്നത്. ഇതിലൂടെ 1000 കോടിയാണ് അദാനിക്ക് ലാഭമെന്നും മുല്ലപ്പള്ളി പറഞ്ഞു. തലശ്ശേരിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയത് സിപിഎമ്മുമായുള്ള അന്തര്‍ധാരയുടെ പുറത്താണ്. ബിജെപിക്കെതിരെ സിപിഎം ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല. ബിജെപി അധ്യക്ഷന്‍ മത്സരിക്കുന്ന മഞ്ചേശ്വരത്ത് ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ സിപിഎം നിര്‍ത്തിയത് അതിന് തെളിവ്. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥി ബിജെപിയുമായുള്ള ബന്ധത്തിന് പാലമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

Similar News