'പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം ഏതു പദവിയിലുള്ളവര്‍ ചെയ്താലും വച്ചുപൊറുപ്പിക്കില്ല'-മുഖ്യമന്ത്രി

തെറ്റുകാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി

Update: 2021-07-23 14:22 GMT

തിരുവനന്തപുരം: പാര്‍ട്ടിക്ക് നിരക്കാത്ത പ്രവര്‍ത്തനം ഏതു പദവിയിലുള്ളവര്‍ ചെയ്താലും വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പാര്‍ട്ടിയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത വ്യതിയാനങ്ങള്‍ ഉണ്ടാകും. ലക്ഷണക്കണക്കിന് അണികളുള്ള പാര്‍ട്ടിയാണ്. തെറ്റ് മൂടിവെക്കുന്ന സംസ്‌കാരം സിപിഎം കാണിക്കില്ല. പാര്‍ട്ടിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരേ നടപടിയുണ്ടാവും. നിയതമായ മാനദണ്ഡങ്ങള്‍ വച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയാണ് സിപിഎം.

ബാങ്കില്‍ വലിയ തോതില്‍ തെറ്റായ കാര്യങ്ങള്‍ നടന്നു. ഇത് സര്‍ക്കാര്‍ ഗൗരവത്തിലാണ് കാണുന്നത്. ബാങ്ക് ഭരണ സമിതിയെ പിരിച്ചുവിട്ടാണ് അന്വേഷണം. സര്‍ക്കാര്‍ സ്‌പെഷ്യല്‍ ടീമിനെ വച്ച് അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികള്‍ ഏത് രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരായാലും സംരക്ഷിക്കില്ല. നമ്മുടെ സംസ്ഥാനത്ത് സഹകരണ മേഖല ഏറെ ജനവിശ്വാസം ആര്‍ജ്ജിച്ചതാണ്. ഇതുപോലുള്ള സംഭവങ്ങള്‍ വിരളമാണ്. തെറ്റുകാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും. ആ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സഹകരണമേഖലയുടെ വിശ്വാസ്യതയും കരുത്തും നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി എകെ ശശീന്ദ്രനെതിരായ നീക്കം ചീറ്റിപ്പോയെന്നും വാക്‌സിന്‍ സംസ്ഥാനത്ത് കെട്ടിക്കിടക്കുകയാണെന്ന വാര്‍ത്ത യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


Tags:    

Similar News