പള്ളികളില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളുവെന്ന് മുഖ്യമന്ത്രി

സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ഇപ്പോള്‍ പോകേണ്ടതില്ല; മെയ് രണ്ട് ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം

Update: 2021-04-26 13:35 GMT

തിരുവനനന്തപുരം: റമദാന്‍ കാലമായതുകൊണ്ട് പള്ളികളില്‍ ആളുകള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളുവെന്നും മുഖ്യമന്ത്രി. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം ഇതിലും ചുരുക്കേണ്ടിവരും. ഇക്കാര്യം ജില്ലാകലക്ടര്‍മാര്‍ അതാതിടത്തെ മതനേതാക്കളുമായി ആലോചിച്ച് തീരുമാനമെടുക്കണം. നമസ്‌കരിക്കാന്‍ പോകുന്നവര്‍ പായ സ്വന്തമായി കൊണ്ടുപോകുന്നതാണ് നല്ലത്. ദേഹശുദ്ധിവരുത്തുന്നതിന് ടാങ്കിലെ വെള്ളത്തിനു പകരം പൈപ്പ് വെള്ളം ഉപയോഗിക്കണം. പല പള്ളികളും ഇത്തരം നിയന്ത്രണങ്ങള്‍ നേരത്തെ തന്നെ പാലിച്ചിട്ടുണ്ട്. ആരാധനാലയങ്ങളില്‍ ഭക്ഷണവും തീര്‍ത്ഥവും നല്‍കുന്ന സമ്പ്രദായം തല്‍ക്കാലത്തേക്ക് ഒഴിവാക്കണം. സര്‍വകക്ഷി യോഗത്തില്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരണമെന്ന ഏകാഭിപ്രായമാണ് സര്‍വ്വ കക്ഷിയോഗത്തിലുണ്ടായത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും യോഗം പൂര്‍ണ പിന്തുണ അറിയിച്ചു. എന്ന സര്‍ക്കാര്‍ നിലപാടുതന്നെയാണ് യോഗത്തില്‍ പങ്കെടുത്ത എല്ലാ രാഷ്ട്രീയ പ്രതിനിധികളും പങ്കുവച്ചത്. എന്നാല്‍ ഇന്നത്തെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടിവരും. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വ്വകക്ഷിയോഗത്തിന്‍രെ പൊതു അഭ്യര്‍ത്ഥന.

വോട്ടെണ്ണല്‍ നടക്കുന്ന മെയ് 2നും അടുത്ത ദിവസങ്ങളിലും ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ആഹ്ലാദ പ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലകള്‍ ഉള്ളവര്‍മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം. വോട്ടെണ്ണുന്നതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ക്കു മാത്രമെ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാവൂ. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും 72 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം നെഗറ്റീവ് ആയവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലുള്ള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിച്ചിരിക്കണം.

എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുള്ള മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും പ്രധാനം. അടച്ചിട്ട ഹാളുകളില്‍ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ട്. വിവാഹ ചടങ്ങുകള്‍ക്കും ഇപ്പോള്‍ 75 പേരെയാണ് പരമാവധി അനുവദിച്ചിട്ടുള്ളത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് 50ലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രേവശം എന്നീ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രിജിസ്റ്റര്‍ ചെയ്യണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ എന്ന് നിജപ്പെടുത്തണം. ഒരു കാരണവശാലും പരമാവധിയിലപ്പുറം പോകാന്‍ പാടില്ല.

സിനിമ തിയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം, ക്ലബ്ബ്, സ്‌പോര്‍ട്‌സ് കോംപ്ലക്, നീന്തല്‍ കുളം, വിനോദ പാര്‍ക്ക്, ബാറുകള്‍, വിദേശമദ്യ വില്‍പ്പനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം വേണ്ടെന്നു വയ്‌ക്കേണ്ടിവരും. എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍വഴി മാത്രമേ നടത്താവൂ. സര്‍ക്കാരുമായി ബന്ധപ്പെട്ട യോഗങ്ങള്‍ ഇപ്പോള്‍ തന്നെ പൂര്‍ണമായും ഓണ്‍ലൈനിലാണ്. സര്‍ക്കാര്‍ ഓഫിസുകളില്‍ 50 ശതമാനം ജീവനക്കാര്‍ റോട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, പോലീസ് എന്നീ വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഓഫീസുകളും എല്ലാദിവസവും നിര്‍ബന്ധമായും പ്രവര്‍ത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം കഴിയാവുന്നത്ര പരിമിതപ്പെടുത്തണം.

നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍, സ്വകാര്യവിദ്യാലയങ്ങളിലെ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകളിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത മാര്‍ക്കറ്റുകളും മാളുകളും രണ്ടു ദിവസം പൂര്‍ണമായും അടച്ചിടും. ലംഘനത്തിന്റെ തോതനുസരിച്ച് ഇത്തരം അടച്ചിടലുകള്‍ കൂടുതല്‍ ദിവസത്തേക്ക് വേണ്ടിവരും. 5 മണിവരെയുള്ള രാത്രികാല നിയന്ത്രണം ഏപ്രില്‍ 20 മുതല്‍ സംസ്ഥാനത്ത് നിലവില്‍ വന്നിട്ടുണ്ട്. ഈ സമയങ്ങളില്‍ ഒരു തരത്തിലുള്ള ഒത്തുചേരലും പാടില്ല. എന്നാല്‍, അവശ്യസേവനങ്ങള്‍ക്കും ആശുപത്രികള്‍, മരുന്നു ഷോപ്പുകള്‍, പാല്‍വിതരണം, മാധ്യമങ്ങള്‍ എന്നിവക്കും ഈ നിയന്ത്രണത്തില്‍ നിന്നും ഒഴിവ് നല്‍കിയിട്ടുണ്ട്. രാത്രികാല നിയന്ത്രണവും നമുക്ക് തുടരേണ്ടിവരും.

കടകളും റസ്‌റ്റോറന്റുുകളും രാത്രി 7.30 വരെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആ നിയന്ത്രണം തുടരേണ്ടിവരും. എന്നാല്‍, രാത്രി 9 മണിവരെ റസ്‌റ്റോറണ്ടുകളില്‍ ഭക്ഷണം പാഴ്‌സലായി നല്‍കാം. കടകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആളുകള്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്താന്‍ സ്ഥാപനങ്ങള്‍ തയ്യാറാകണം. റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ചുരുക്കണമെന്ന ആവശ്യം പരിശോധിക്കും.

Tags: