കൊവിഡ് മരണസംഖ്യയില്‍ കുറവുണ്ടാകാന്‍ നാലാഴ്ച വരെ എടുക്കും; വാക്‌സിന്‍ വിരുദ്ധ പ്രചാരണം നീതീകരിക്കാനാവാത്ത കുറ്റകൃത്യമെന്നും മുഖ്യമന്ത്രി
തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് മുഖ്യമന്ത്രി കത്തയച്ചു
തിരുവനന്തപുരം: കൊവിഡ് മരണസംഖ്യയില്‍ കാര്യമായ കുറവുണ്ടാകാന്‍ നാലാഴ്ച വരെ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതെന്ന് മുഖ്യമന്ത്രി.
ഇളവ് ലഭിക്കുന്ന സ്ഥാപനങ്ങള്‍
നേത്ര പരിശോധകര്‍, കണ്ണട ഷോപ്പുകള്‍, ശ്രവണ സഹായി ഉപകരണങ്ങള്‍ വില്‍ക്കുകയും സഹായിക്കുകയും ചെയ്യുന്ന ഉപകരണങ്ങള്‍, കൃത്രിമ അവയവങ്ങള്‍ എന്നിവ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍, ഗ്യാസ് അടുപ്പുകള്‍ നന്നാക്കുന്ന സ്ഥാപനങ്ങള്‍, മൊബൈല്‍, കംപ്യൂട്ടര്‍ എന്നിവ നന്നാക്കുന്ന ഷോപ്പുകള്‍ എന്നിവ രണ്ടുദിവസം തുറക്കുന്നതിനും അനുമതി നല്‍കും.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറത്തും ലോക്ക്ഡൗണ്‍ നിലവിലുള്ള മറ്റു ജില്ലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പോലിസിന്റെ പ്രത്യേകസംഘം വാഹനപരിശോധന നടത്തിവരുന്നു.
വാക്‌സിന്‍ വ്യാജ പ്രചരണം
വാക്‌സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ മരണപ്പെടുമെന്ന ഒരു വ്യാജ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും പ്രചരിക്കപ്പെടുന്നുണ്ട്. അത് പൂര്‍ണമായും വ്യാജമാണെന്ന് ആ പ്രസ്താവന നല്‍കിയതായി വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിജീവനം വലിയ പ്രതിസന്ധിയെ നേരിടുന്ന ഇതുപോലൊരു ഘട്ടത്തില്‍ അതു കൂടുതല്‍ ദുഷ്‌കരമാക്കുന്ന പ്രചരണങ്ങളിലേര്‍പ്പെടുന്നവര്‍ ചെയ്യുന്നത് നീതീകരിക്കാനാവാത്ത കുറ്റകൃത്യമാണ്. അത്തരം പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമങ്ങള്‍ക്കനുസൃതമായി ശക്തമായി സര്‍ക്കാര്‍ നേരിടും.
വാക്‌സിനേഷനാണ് ഈ മഹാമാരിയെ മറികടക്കാന്‍ മുന്നിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തില്‍ തന്നെ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിച്ച 60 വയസ്സിനു മുകളിലുള്ളവര്‍ക്കിടയില്‍ രണ്ടാമത്തെ തരംഗത്തില്‍ രോഗവ്യാപനം കുറവാണ് എന്നതും, രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നതും വാക്‌സിനേഷന്‍ ഫലപ്രദമാണ് എന്നതിന്റെ തെളിവാണ്. അതുകൊണ്ട്, കുപ്രചരണങ്ങള്‍ക്ക് വിധേയരായി വാക്‌സിനെടുക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകരുത്.
ആളുകള്‍ക്ക് വീട്ടിലിരുന്നു ഡോക്ടര്‍മാരുടെ പരിശോധന സ്വീകരിക്കാന്‍ സഹായിക്കുന്ന ഇ സഞ്ജീവനി പദ്ധതി വഴി ഇതുവരെ കേരളത്തില്‍ നടന്നത് 1,52,931 പരിശോധനകളാണ്.
തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത്
കടലാക്രമണം കൊണ്ട് വലിയ തോതില്‍ തീരശോഷണം അനുഭവപ്പെടുന്നുണ്ട്. കടല്‍ക്ഷോഭത്തില്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായിട്ടുണ്ട്. തീരദേശ നിവാസികളുടെ വീടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റും നാശനഷ്ടങ്ങളുണ്ടാക്കി.
എസ്ഡിആര്‍എഫിനും എന്‍ഡിആര്‍എഫിനും അനുവദിക്കുന്ന വാര്‍ഷിക തുകയില്‍ നിന്ന് സംസ്ഥാനതല ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദമുണ്ട്. പത്തു ശതമാനം വരെയാണ് അങ്ങനെ ഉപയോഗിക്കാവുന്നത്. അതിനനുസൃതമായി തീരശോഷണത്തെ സംസ്ഥാനതല ദുരന്തമായി മുമ്പ് തന്നെ കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ല.
അതുകൊണ്ട് തീരശോഷണം മൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് എസ്ഡിആര്‍എഫ്എന്‍ഡിആര്‍എഫ് സഹായം അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് ചൂണ്ടിക്കാട്ടി തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം എന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അത് ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഇന്ന് കത്തയച്ചിട്ടുണ്ട്.
പരീക്ഷ
സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള പോളിടെക്‌നിക് കോളജുകളിലെ മുടങ്ങിക്കിടക്കുന്ന അഞ്ചാം സെമസ്റ്ററിലെ പൂര്‍ത്തീകരിച്ച പരീക്ഷകളുടെ മൂല്യനിര്‍ണയം ഉടന്‍ നടത്തിയും, മുടങ്ങിയ പരീക്ഷകള്‍ക്ക് ഇന്റേണല്‍ അസെസ്മന്റ് മാര്‍ക്കുകളുടെ അടിസ്ഥാനത്തിലും ഫലപ്രഖ്യാപനം ജൂണില്‍ നടത്തും. അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലപ്രഖ്യാപനത്തിന് ശേഷം ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ഒന്നു മുതല്‍ നാലു വരെയുള്ള സെമസ്റ്ററുകളുടെ പരീക്ഷകളും ഉചിതമായി ക്രമീകരിക്കും.

