മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ഊര്‍ജിതശ്രമമെന്ന് മുഖ്യമന്ത്രി

Update: 2022-02-09 02:51 GMT

തിരുവനന്തപുരം; മലകയറാന്‍ പോയി മലയിടുക്കിലേക്ക് വഴുതിവീണ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുവാവിനെ വേഗം രക്ഷപ്പെടുത്താനായേക്കുമെന്ന് മുഖ്യമന്ത്രി ഫേസ് ബുക്കിലെഴുതിയ കുറിപ്പില്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

'മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. നിലവില്‍ കരസേനയുടെ രണ്ട് യൂണിറ്റുകളാണ് സംഭവസ്ഥലത്ത് ഉള്ളത്. ഒരു ടീം മലയുടെ മുകളില്‍ നിന്നും ഒരു ടീം മലയുടെ താഴെ നിന്നും രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. കരസേന അംഗങ്ങള്‍ക്ക് യുവാവുമായി സംസാരിക്കാന്‍ സാധിച്ചു. ഇന്ന് പകലോടെ രക്ഷപ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തി യുവാവിനെ മലയിടുക്കില്‍ നിന്നും രക്ഷപ്പെടുത്താന്‍ സാധിക്കും എന്നാണ് കരസേന ടീം നല്‍കിയിരിക്കുന്ന വിവരം. എയര്‍ഫോഴ്‌സിന്റെ ഒരു ഹെലിക്കോപ്റ്ററും നിലവില്‍ തയ്യാറായിട്ടുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു.

തിങ്കളാഴ്ചയാണ് മലകയാന്‍ രണ്ട് പേര്‍ക്കൊപ്പം പോയ ബാബു കാല്‍വഴുതി മലയിടുക്കില്‍ കുടുങ്ങിയത്. കൂടെയുണ്ടായിരുന്നവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലിസ് രക്ഷാപ്രവര്‍ത്തനം തുടങ്ങി. ശ്രമം പരാജയപ്പെട്ടതോടെ കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.