പിടി തോമസിന് മറുപടിയുമായി മുഖ്യമന്ത്രി; തന്നെ മൂടല്‍മഞ്ഞിനു കീഴ്‌പ്പെടുത്താനാവില്ല; സഭയെ തെറ്റിദ്ധരിപ്പിച്ചതിന് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി

മാംഗോ മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും മുമ്പ് അതിന്റെ പിന്നിലുള്ള പ്രതിയെ പോലിസ് അറസ്റ്റു ചെയ്തുവെന്നാണ് പിടി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞത്.

Update: 2021-06-09 10:21 GMT

തിരുവനന്തപുരം: മാംഗോ ഫോണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമുമ്പ് അതിന്റെ പിന്നിലുള്ള പ്രതിയെ പോലിസ് അറസ്റ്റു ചെയ്തു എന്ന പി ടി തോമസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണ് പിടി തോമസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.


'അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളുന്നയിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കാനായി സഭയെ ദുരുപയോഗിക്കുന്നതിനെതിരെ ഞാന്‍ മുമ്പും ഈ സഭയില്‍ അഭിപ്രായ പ്രകടനം നടത്തിയിട്ടുണ്ട്. സഭാവേദി നല്‍കുന്ന പരിരക്ഷ രാഷ്ട്രീയമായി ആവര്‍ത്തിച്ചു ദുരുപയോഗിക്കുന്നതു വീണ്ടും സഭാധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടി വന്നിരിക്കുകയാണ്. മാംഗോ മൊബൈല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമുമ്പ് അതിന്റെ പിന്നിലുള്ള പ്രതിയെ പോലിസ് അറസ്റ്റു ചെയ്തു എന്ന് പിടി തോമസ് കഴിഞ്ഞ ദിവസം ഒരു പരാമര്‍ശം സഭയില്‍ നടത്തി. എന്റെ മേല്‍വന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കില്‍ കരുതിക്കോട്ടെ എന്നതാവും ഈ ആരോപണമുന്നയിച്ചതിനു പിന്നിലെ ദുഷ്ടലാക്ക്. മുഖ്യമന്ത്രി ആരാണ് എന്നു പറയാതെയാണ് പിടി തോമസ് ഇതു പറഞ്ഞതെങ്കിലും പൊതുവില്‍ സഭയിലുണ്ടായ പ്രതീതി, ഞാന്‍ അറസ്റ്റിലാവേണ്ടതരം പ്രതികളുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ പോയി എന്നതാണ്. ഇതു സത്യമല്ല, സര്‍.

2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. ഞാന്‍ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതില്‍ പിടി തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല. ഏതായാലും, പട്ടാപ്പകലിനെ കുറ്റാക്കുറ്റിരുട്ടായി ചിത്രീകരിക്കുന്ന രീതികള്‍ക്കായി സഭ ദുരുപയോഗിക്കപ്പെട്ടുകൂടാ. പകുതി മാത്രം പറഞ്ഞ്, അതുകൊണ്ട് തെറ്റിദ്ധാരണയുടെ ഒരു മൂടല്‍മഞ്ഞുണ്ടാക്കി ഇന്നത്തെ മുഖ്യമന്ത്രിയെ അതിന്റെ മറവില്‍ നിര്‍ത്താന്‍ നോക്കുക. അതാണ് നടന്നത്. മുഖ്യമന്ത്രിയെ നിങ്ങള്‍ കൊണ്ടുവരുന്ന മൂടല്‍മഞ്ഞിനു കീഴ്‌പ്പെടുത്താനാവില്ല എന്നുമാത്രം പറയട്ടെ. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പിടി തോമസ് കണ്ടുപിടിക്കട്ടെ. എനിക്കു പറയാനുള്ളത്, സഭാതലം തെറ്റിദ്ധരിപ്പിക്കലിനുള്ള വേദിയാക്കുന്നത് അനുവദിക്കരുത്. സഭാതലത്തെ ആ വിധത്തില്‍ ദുരുപയോഗിച്ചതിന് സാധാരണ നിലയില്‍ സഭയോട് ആ അംഗം മാപ്പുപറയുകയാണ് വേണ്ടത്. മാപ്പു പറയാന്‍ അഭ്യര്‍ഥിക്കുകയാണ്'-മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

'മാംഗോ ഫോണ്‍ മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും മുമ്പ് അതിന്റെ പിന്നിലുള്ള പ്രതിയെ പോലിസ് അറസ്റ്റു ചെയ്തു. വനംകൊള്ളക്കാര്‍ നിസ്സാരക്കാരല്ല. നേരത്തേ തന്നെ തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നവരാണ്. നമ്മുടെ മുഖ്യമന്ത്രിയെയായിരുന്നു ഇവരുടെ മാംഗോ മൊബൈലിന്റെ ഉദ്ഘാടനത്തിനു ക്ഷണിച്ചിരുന്നത്. ഉദ്ഘാടന വേദിയില്‍ വെച്ചു പ്രതിയെ പോലിസ് അറസ്റ്റു ചെയ്തതുകൊണ്ട് മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ല'- പിടി തോമസ് പറഞ്ഞു.

വനംകൊള്ളക്കാരുടെ സ്വാധീനത്തെക്കുറിച്ചു പറയവേയാണ് കഴിഞ്ഞ ദിവസം സഭയില്‍ പിടി തോമസ് ഈ പരാമര്‍ശം നടത്തിയത്.

Tags: