പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

Update: 2025-10-10 08:40 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങള്‍, ഏറെ കാലമായുള്ള സുപ്രധാന വിഷയങ്ങള്‍ എന്നിവയെല്ലാം വിശദീകരിച്ചെന്നും ഇതെല്ലാം പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരെയും ബോധിപ്പിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരുടെ പുനരധിവാസത്തെക്കുറിച്ചും എയിംസ് കോഴിക്കോട് സ്ഥാപിക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അറിയിച്ചു. മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരുടെ പുനരധിവാസത്തിന് എന്‍ഡിആര്‍എഫില്‍ നിന്ന് 2221 കോടി രൂപ ഗ്രാന്‍ഡ് അനുവദിക്കണമെന്ന ആവശ്യം നേരത്തേ ഉന്നയിച്ചതാണ്. അത് ഇപ്പോഴും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് പറഞ്ഞ അദ്ദേഹം കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നും സാമ്പത്തിക പരിധിയില്‍ വരുത്തിയ വെട്ടിക്കുറയ്ക്കല്‍ ഇല്ലാതാക്കുന്നതിനും ആവശ്യപ്പെട്ടു.

നേരത്ത എയിംസിന് വേണ്ടി നാല് സ്ഥലങ്ങള്‍ സംസ്ഥാനം നിര്‍ദേശിച്ചിരുന്നു. അപ്പോള്‍ ഒരു സ്ഥലം പറയാന്‍ കേന്ദ്രം അറിയിച്ചിരുന്നെന്നും ഇതിന്റെ ഭാഗമായാണ് കോഴിക്കോട് എയിംസ് വേണമെന്ന് ആവശ്യം മുന്നോട്ടുവച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിതി എന്നീ ഗൗരവകരമായ വിഷയങ്ങളില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുവെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Tags: