'ഒരു കൂട്ടര്‍ക്ക് കിട്ടുന്നതില്‍ കുറവ് വരുത്താതെ, മറ്റൊരു കൂട്ടര്‍ക്ക് അര്‍ഹതപ്പെട്ടത് കൊടുക്കുന്നതിന് എന്തിനാണ് വേറെ ന്യായം പറയുന്നത്'-മുഖ്യമന്ത്രി
സച്ചാര്‍ കമ്മിറ്റിയുടെ ഭാഗമായി മുസ്‌ലിമിന് മാത്രമായി നിന്നോ, മുസ്‌ലീമിന്റെ കുടെ മറ്റ് ചിലര്‍ക്കും കൊടുത്തില്ലേ, ആ മറ്റു ചിലര്‍ക്ക് കൊടുത്തതാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. ചില പരാതി ഉയര്‍ന്നു. ആ പരാതിക്കാണ് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: ഒരു കൂട്ടര്‍ക്ക് കിട്ടുന്നതില്‍ കുറവ് വരുത്താതെ, മറ്റൊരു കൂട്ടര്‍ക്ക് അര്‍ഹതപ്പെട്ടത് കൊടുക്കുന്നതിനെ എന്തിനാണ് വേറെ ന്യായങ്ങള്‍ പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സച്ചാര്‍-പാലൊളി റിപോര്‍ട്ടുകള്‍ അപ്രസക്തമാവുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സച്ചാര്‍ കമ്മിറ്റിയുടെ ഭാഗമായി മുസ്‌ലിമിന് മാത്രമായി നിന്നോ, മുസ്‌ലീമിന്റെ കുടേ മറ്റ് ചിലര്‍ക്കും കൊടുത്തില്ലേ, ആ മറ്റു ചിലര്‍ക്ക് കൊടുത്തതാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചത്. ചില പരാതി ഉയര്‍ന്നു. ആ പരാതിക്കാണ് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണ രൂപം
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ജനസംഖ്യാനുപാതികമായി വീതം വച്ചതിനെക്കുറിച്ച് മുസലിം സംഘടനകള്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ടല്ലോ, ഇക്കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?
അതിലെന്താ മാറ്റം വരുത്താനുള്ളത്. ഹൈക്കോടതിയില്‍ നിന്ന് വിധി വന്നു. വിധി വന്നത് എന്താണ്. ഇത്തരത്തില്‍ വിവേചനപരമായി നടപ്പിലാക്കാന്‍ പാറ്റില്ല. ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്നത് ഏതെങ്കിലും കൂട്ടര്‍ക്ക് കുറവ് വന്നാല്‍ അതൊരു ദോഷമായി വരും. ഏതുവിഭാഗത്തിനായാലും ഇപ്പോള്‍ നിലനില്‍ക്കുന്നതില്‍ ഒരു വിഭാഗത്തിനും കുറവ് വരില്ല. അതേ സമയം ജനസംഖ്യാനുപാതികമായി അതു നല്‍കുകയും ചെയ്യും.
ഇപ്പോ ഉള്ളതിന് കുറവില്ല, പരാതിയുളളവര്‍ക്ക് ജനസംഖ്യാനുപാതികമായി അത് ലഭിക്കും. സന്തോഷിക്കാനുള്ള കാര്യമേ ഉള്ളൂ. അതുകൊണ്ടാണ് നമ്മുടെ പ്രതിപക്ഷ നേതാവിന് ആദ്യം സ്വാഗതം ചെയ്യാന്‍ തോന്നിയത്. ഉചിതമായ തീരുമാനമാണെന്ന് പറഞ്ഞതും അതിന്റെ ഭാഗമാണ്. അതാണ് വസ്തുത.
മുസ്‌ലിംകള്‍ക്കുള്ള ആനുകൂല്യങ്ങള്‍ 59 ശതമാനമായി കുറയുമല്ലോ?
ഒരു കുറവും വരില്ല. അപേക്ഷകള്‍ വരുമ്പോള്‍ അവര്‍ക്കെല്ലാം കൊടുക്കാന്‍ കഴിയും. അതിന് വലിയ പ്രയാസമൊന്നും വരില്ല. അതില്‍ ഒരു ആശങ്കയും ഉണ്ടാകേണ്ടതില്ല.
സച്ചാര്‍-പാലൊളി കമ്മിറ്റികള്‍ അപ്രസക്തമാവുന്നു എന്ന പരാതിയെക്കുറിച്ച്?
തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി വരുന്നതാണ്. ഇതില്‍ മുസ്‌ലിം വിഭാഗത്തിന് സഹായം വേണമെന്ന് പറയുന്നതില്‍ നമ്മുക്ക് ആര്‍ക്കും തടസ്സമില്ല. അത് വേണമെന്നുള്ളത് നേരത്തെ കണ്ടതാണ്. അത് കൊടുത്തു വരുകയാണ്. അതില്‍ എന്തെങ്കിലും കുറവ് വരുന്നുണ്ടോ എന്നതിലാണ് ആശങ്ക. ഒരു കുറവും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കി. എന്നിട്ടാണ് നടപടിയിലേക്ക് കടക്കുന്നത്. എന്നാല്‍ ഹൈക്കോടതി ചൂണ്ടിക്കാണിച്ച കാര്യം ന്യൂനപക്ഷങ്ങള്‍ എന്ന നിലയില്‍ എല്ലാവരെയും ഒരേ പോലെ കാണേണ്ടതാണ്. അത് ജനസംഖ്യാടിസ്ഥാനത്തില്‍ തന്നെ കൊടുക്കേണ്ടതാണ്. ആ കാര്യം സര്‍ക്കാര്‍ മാനിച്ചു, നടപടികളെടുക്കുന്നു.
ഒരു കൂട്ടര്‍ക്ക് കിട്ടുന്നതില്‍ കുറവ് വരുത്താതെ, മറ്റൊരു കൂട്ടര്‍ക്ക് അര്‍ഹതപ്പെട്ടത് കൊടുക്കുന്നതിന് എന്തിനാണ് വേറെ ന്യായങ്ങള്‍ പറയുന്നത്. അതുകൊണ്ടാണല്ലോ, പ്രതിപക്ഷ നേതാവിനെപ്പോലൊരാള്‍ക്ക്, പിന്തുണച്ച് ആദ്യം സംസാരിക്കണമെന്ന് തോന്നിയത്. ആ സംസാരം പിന്നീട് മാറ്റുന്നതിന് ലീഗിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ധമുണ്ടായി. അതൊരു ശരിയായ രീതി അല്ല. യഥാര്‍ഥത്തിലുള്ള പ്രശ്‌നം വച്ചുകൊണ്ടാണല്ലോ പറയേണ്ടത്. ഏതെങ്കിലും തരത്തില്‍ ഈ പറയുന്ന കുറവ്, അത് ചൂണ്ടിക്കാണിച്ചാല്‍ മനസ്സിലാകും. ഒരു കുറവും വരുത്തില്ല എന്ന് സര്‍ക്കാര്‍ ഉറപ്പായും പറയുന്നു. സര്‍ക്കാരിന്റെ വാക്ക് പാലിച്ചില്ല എന്നുള്ളടുത്തല്ലേ അത് പറയേണ്ടത്. അങ്ങനെ ഒരു കാര്യം വരണ്ടേ. അങ്ങനെ പറഞ്ഞത് മാറ്റിപ്പറയുന്നവരല്ലല്ലോ ഞങ്ങള്‍. പറഞ്ഞത് നടപ്പിലാക്കാതിരിക്കുന്നവരല്ലല്ലോ ഞങ്ങള്‍. ആ ഞങ്ങള്‍ പറയുന്നു, ആ കുട്ടികള്‍ക്ക് ഒരു കുറവും വരില്ല. മറ്റൊരു കൂട്ടര്‍ക്ക് പരാതിയുണ്ടായിരുന്നു, ആ പരാതി പരിഹരിക്കുന്നു. അതല്ലേ ഉണ്ടാകുന്നത്, അതിലെന്താ പ്രശ്‌നം.
സച്ചാര്‍ സമിതി റിപോര്‍ട്ട് നടപ്പിലാക്കാന്‍ പ്രത്യേക പരിപാടി കാണേണ്ടതല്ലേ, സാമൂഹ്യ നീതി ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്?
ഇതെല്ലാം പരിഗണിച്ച് കൊണ്ടാണല്ലോ, ഇപ്പോ പറയുന്നത്. ഇത് ന്യൂനപക്ഷ വിഭാഗത്തിനുള്ളതാണ്. സാമൂഹ്യ പിന്നാക്കാവസ്ഥ പരിഗണിച്ചുള്ളതാണ് നമ്മുടെ റിസര്‍വേഷന്‍ പോളിസി. ആ റിസര്‍വേഷന്‍ അതേ പടി തുടരുന്നുണ്ടല്ലോ. അതിന് പുറമേ ഉള്ളതാണ് ഇത്. ന്യൂനപക്ഷ വിഭാഗത്തിന് അര്‍ഹതപ്പെട്ട ആനുകൂല്യമായാണ് ഇത് വന്നത്.
നമ്മള്‍, സച്ചാര്‍ കമ്മിറ്റിയുടെ ഭാഗമായി മുസ്‌ലിമിന് മാത്രമായി നിന്നോ, മുസ്‌ലീമിന്റെ കുടേ മറ്റ് ചിലര്‍ക്കും കൊടുത്തില്ലേ, ആ മറ്റു ചിലര്‍ക്ക് കൊടുത്തതാണ് വൈകിയാണെങ്കിലും ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്ന നില വന്നത്. അത് ചില വിഭാഗങ്ങള്‍ ചൂണ്ടിക്കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ നിന്ന് പരാതി ഉയര്‍ന്നു വന്നിരുന്നു. ആ പരാതിക്കാണ് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നത്. അതേ സമയം നിലവില്‍ കിട്ടിവരുന്നവര്‍ക്ക് ഒരു കുറവും വരില്ല. ഉറപ്പായി സര്‍ക്കാര്‍ പറയുന്നു. പിന്നെ എന്താണ് പ്രശ്‌നം.
ഒരേ സമയം രണ്ട് സ്‌കോളര്‍ഷിപ്പ് മുന്നാക്ക ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക ലഭിക്കുന്നു എന്ന ആരോപണത്തെക്കുറിച്ച്?
നമ്മള്‍ വാദിച്ച് വാദിച്ച് സമൂഹത്തിന്റെ പ്രത്യേകത കളയുന്ന തരത്തിലേക്ക് ഇത് പോകരുത് കേട്ടോ. ഇതൊക്കൊ വളരെ അപകടകരമായ സ്ഥിതി വിശേഷം ഉണ്ടാക്കുന്ന കാര്യമാണ്. നമ്മള്‍ അതിന്റെയൊന്നും ഭഗമാവേണ്ട. നമ്മള്‍ കുട്ടികളുടെ പഠനത്തിന് ആവശ്യമായ സഹായം ചെയ്യുന്നു. ന്യൂനപക്ഷം എന്ന നിലക്ക് കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ആ നിലക്ക് അതിനെ കണ്ടാല്‍ മതി.
അനാവശ്യമായി തീക്കോരിയിടുന്ന വര്‍ത്തമാനങ്ങള്‍ മറ്റു ചിലര്‍ പറയുന്നുണ്ടാകും, നമ്മളൊന്നും അതിന്റെ ഭാഗമാവാതിരിക്കുന്നതാണ് നല്ലത്.

