'അലഞ്ഞു നടന്ന റാസ്‌കലാണ് കെ സുധാകരനെന്ന് പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്'- ബ്രണ്ണന്‍ കോളജിലെ ചവിട്ട് പരാമര്‍ശത്തില്‍ മുഖ്യമന്ത്രി
മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന് പരിപാടിയുണ്ടായിരുന്നതായി സുധാകരന്റെ സുഹൃത്ത് തന്നോട് വെളിപ്പെടുത്തിയിരുന്നതായും മുഖ്യന്ത്രി പറഞ്ഞു
തിരുവനന്തപുരം: അലഞ്ഞു നടന്ന റാക്‌സലാണ് കെ സുധാകരനെന്ന് മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ബ്രണ്ണന്‍ കോളജ് പഠനകാലത്ത് പിണറായി വിജയനെ ചവിട്ട് വീഴ്തി എന്ന് ഒരു വാരികയില്‍ വന്ന പരാമര്‍ശത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നെ ചവിട്ടി വീഴ്തണമെന്ന് അദ്ദേഹത്തിന് മോഹങ്ങളുണ്ടായിരുന്നിരിക്കാം. പക്ഷേ, വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുമ്പോള്‍ എങ്ങനെയാണ് മിണ്ടാതിരിക്കാനാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
'സുധാകരന്റെ മോഹങ്ങളായിരുന്നു അതൊക്കൊ. അന്ന് കോളജില്‍ ഞാനുണ്ടായിരുന്നു. സുധാകരന് കൂട്ടരും എന്റെ അടുത്തേക്ക് വന്നു-പിടിച്ച് കൊണ്ട് പോടെ ആരൊ ഇവന്‍- എന്നായിരുന്നു അന്നു എന്നെ തടഞ്ഞ സുഹൃത്ത് ബാലനോട് പറഞ്ഞത്. ഇതൊക്കൊ സുധാകരന്‍ മനസ്സിലാക്കിക്കോ. ഓര്‍ത്താല്‍ നല്ലത്.
പിന്നെ കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ് എന്നെ പൊതു യോഗത്തില്‍ പ്രസംഗിക്കുന്നതിനിടെ മൈക്കിനടിച്ചു എന്നത്. അതും സുധാകരന്റെ മോഹങ്ങളായിരുന്നു. കത്തി കാണാത്ത ആളുകളാണല്ലോ ഞങ്ങളൊക്കൊ. എങ്ങനെയാണ് ഇങ്ങനെ പൊങ്ങച്ചം പറയാന്‍ കഴിയുന്നത്.
കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ സുധാകരനെതിരേ തുറന്നു പറഞ്ഞിട്ടുണ്ട്. സുധാകരന്‍ പണമുണ്ടാക്കാനാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. വിദേശ കറന്‍സി, ബ്ലേഡ്, മണല്‍ മാഫിയയില്‍ നിന്ന് പണം പിരിക്കല്‍, കൊല്ലപ്പെട്ടവരുടേ പേരില്‍ പണപ്പിരിവ് നടത്തി സ്വന്തം പോക്കറ്റിലാക്കല്‍ ഇതൊക്കെയാണ് സുധാകരന്റെ പരിപാടി. അലഞ്ഞു നടന്ന റാസ്‌കലാണ് കെ സുധാകരന്‍. ഭീരുവാണ് സുധാകരനെന്നും രാമകൃഷ്ണന്‍ പറഞ്ഞിരുന്നു'-മുഖ്യമന്ത്രി പറഞ്ഞു.
'ഡിസിസി ഓഫിസ് മന്ദിരത്തിന് സുധാകരന്‍ 30 ലക്ഷം പിരിച്ചിട്ടും പണി തീര്‍ന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മമ്പുറം ദിവാകരന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ചെറക്കല്‍ സ്‌കൂള്‍ വാങ്ങാന്‍ 30 കോടി പിരിച്ചു. എന്നിട്ടും സ്‌കൂള്‍ വാങ്ങിയില്ല. 1967-69 കാലത്ത് ബ്രണ്ണന്‍ കോളജില്‍ സ്പതകക്ഷി സര്‍ക്കാരിലെ മന്ത്രി സിച്ച് മുഹമ്മദ് കോയ വന്നപ്പോള്‍ തടയാന്‍ നോക്കി. അന്ന് സുധാകരന് അര്‍ദ്ധ നഗ്നനായി കോളജ് ചുറ്റേണ്ടി വന്നിട്ടുണ്ട്. എകെ ബാലന്‍ അന്ന് അവിടെയുണ്ട്'.
'നിങ്ങള്‍ വളരെ ശ്രദ്ധിക്കണമെന്നും സുധാകരന്‍ വലിയൊരു പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ടെന്നും സുധാകരന്റെ സുഹൃത്ത് എന്നോട് വീട്ടില്‍ വന്ന് പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ കുട്ടികളെ തട്ടിക്കൊണ്ടുപോകാനാണ് പദ്ധതിയെന്നും അയാള്‍ വെളിപ്പെടുത്തി. അത്തരത്തിലൊന്നും ചെയ്യരുത്. പഞ്ചാബല്ല, വേണ്ടാത്തത് ചെയ്താല്‍ കേരളം കത്തുമെന്നും മുന്നറിയിപ്പ് നല്‍കി. സുധാകരന്റെ സ്വഭാവം വെച്ച് വിശ്വാസമില്ലാത്തതിനാലാണ് താങ്കളെ അറിയിക്കുന്നതെന്നും അയാള്‍ പറഞ്ഞു. വരുന്നിടത്തുവെച്ച് കാണാമെന്നായിരുന്നു എന്റെ മറുപടി. എന്നെ വീഴ്താന്‍ സുധാകരന്‍ ശ്രമിച്ചിട്ടുണ്ട്. വിചാരിച്ച പോലെ നടന്നിട്ടില്ല. അങ്ങനെയുള്ള മോഹങ്ങളൊക്കെ സുധാകരന് ഉണ്ടായിട്ടുണ്ട്'.
'പിന്നെ, മൂന്ന് കൊല്ലം മുന്‍പ് ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ പോകുമെന്ന് സുധാകരന്‍ പറഞ്ഞ കാര്യം ആരും മറക്കരുത്'- മുഖ്യമന്ത്രി പറഞ്ഞു.
കെ സുധാകരന്റെ വിമര്‍ശനങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

