പോലിസ് ഉദ്യോഗസ്ഥര്‍ അനാവശ്യ ചടങ്ങുകളില്‍ പങ്കെടുക്കരുത്; ഉന്നത ഉദ്യോഗസ്ഥര്‍ സൂക്ഷ്മതപാലിക്കണമെന്നും മുഖ്യമന്ത്രി

സ്ത്രീധനപീഡന പരാതികളില്‍ കര്‍ശന നടപടിയെടുക്കണം. ഇത്തരം കേസുകള്‍ ഡിഐജിമാര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

Update: 2021-10-03 11:19 GMT

തിരുവനന്തപുരം: പോലിസ് ഉദ്യോഗസ്ഥര്‍ അനാവശ്യ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉന്നതോദ്യോഗസ്ഥരും ഇക്കാര്യത്തില്‍ സൂക്ഷ്മത പാലിക്കണം. ലോക് ഡൗണ്‍ കാലത്തെ പോലിസിനെ കുറിച്ചുള്ള ആക്ഷേപങ്ങളും മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി.

സ്ത്രീധന പീഡന പരാതികളില്‍ കര്‍ശന നടപടിയെടുക്കണം. ഇത്തരം കേസുകള്‍ ഡിഐജിമാര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

പോലിസ് ഉദ്യോഗസ്ഥര്‍ മോശപ്പെട്ട പ്രവര്‍ത്തനത്തില്‍ ചെന്ന് വീഴരുത്. മുകളില്‍ എല്ലാം അറിയുന്നുണ്ടെന്ന ധാരണ വേണം. പോലിസുകാര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാകാതിരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. പരാതികള്‍ക്ക് രസീത് നല്‍കണം. പൊതുജനങ്ങളോടുള്ള പോലിസിന്റെ പെരുമാറ്റം മെച്ചപ്പെടുത്തണം. അഴിമതിക്കാര്‍ക്കെതിരെ ശക്തമായ നടപടി വെണമെന്നും പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

പുരാവസ്തു തട്ടിപ്പ് വീരന്‍ മോന്‍സണ്‍ മാവുങ്കല്‍ കേസിലടക്കം ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രി പോലിസ് യോഗം വിളിച്ച് ചേര്‍ത്തത്. എസ്എച്ച്ഒ മുതല്‍ ഡിജിപിമാര്‍ വരെ ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുക്കുകയാണ്.

Tags: