പരീക്ഷാ എഴുതാന്‍ സമ്മതിച്ചില്ല; പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിനില്‍ നിന്ന് ചാടി മരിച്ചു

Update: 2026-02-18 11:26 GMT

പട്‌ന: പരീക്ഷാ എഴുതാന്‍ സമ്മതിക്കാത്തതില്‍ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബിഹാറിലെ പട്‌നയിലാണ് സംഭവം. മസൗരി സ്വദേശിനിയായ കോമള്‍ കുമാരി (15) ആണ് മരിച്ചത്.

ചൊവ്വാഴ്ച മഹാരാജ്ചക്ക് പ്രദേശത്തുള്ള ബന്ധുവീട്ടില്‍ നിന്ന് പരീക്ഷ എഴുതാന്‍ എത്തിയ കോമളിന് കേന്ദ്രത്തില്‍ പ്രവേശനം ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. പരീക്ഷാ കേന്ദ്രം ബന്ധുവീട്ടില്‍ നിന്ന് ഏകദേശം ആറു കിലോമീറ്റര്‍ അകലെയായിരുന്നു. രാവിലെ ഒന്‍പത് മണിക്ക് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും 9.15ഓടെയാണ് കോമള്‍ കേന്ദ്രത്തില്‍ എത്തിയത്. അതേസമയം ഗേറ്റ് അടച്ചതിനാല്‍ സുരക്ഷാ ജീവനക്കാര്‍ പ്രവേശനം അനുവദിച്ചില്ല.

രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കേണ്ടിയിരുന്നത്. വെറും 15 മിനിറ്റ് വൈകിയതാണെന്നും പരീക്ഷ എഴുതാന്‍ കഴിയാതിരുന്നാല്‍ ഭാവിയെ ബാധിക്കുമെന്നുമാണ് വിദ്യാര്‍ഥിനി സുരക്ഷാ ജീവനക്കാരനോട് പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കി. എന്നാല്‍ അപേക്ഷ പരിഗണിക്കാതെ പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മാനസികമായി തളര്‍ന്ന കോമള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. നദൗലിയില്‍ നിന്ന് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ തരേഗ്ന-മസൗരി കോടതി സ്‌റ്റേഷനുകള്‍ക്കിടയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടിയതായാണ് റിപോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലായിരുന്നതായി പോലിസ് അറിയിച്ചു. തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴി ചിത്രം പുറത്തുവിട്ടതോടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഇതര സംസ്ഥാനത്ത് തൊഴിലാളിയായി ജോലി ചെയ്യുന്ന പിതാവിന്റെ മൂന്നു മക്കളില്‍ മൂത്തവളാണ് കോമള്‍.

സംഭവം പരീക്ഷാ നടത്തിപ്പിലെ കര്‍ശന സമയക്രമങ്ങള്‍ക്കെതിരേ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ സംഘടനകളും രംഗത്തെത്തി.

Tags: