കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി;അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സിഐടിയു

ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്‌മെന്റ് നിലപാട്

Update: 2022-06-20 07:51 GMT

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതില്‍ പ്രതിഷേധം ശക്തമാക്കി ഇടത് സംഘടനകള്‍.അനിശ്ചിതകാല പണിമുടക്ക് തുടങ്ങുമെന്ന് സിഐടിയു മുന്നറിയിപ്പ് നല്‍കി.സമരക്കാര്‍ കെഎസ്ആര്‍ടിസി ആസ്ഥാനം വളഞ്ഞു. ചീഫ് ഓഫിസിന്റെ അഞ്ച് ഗേറ്റുകളും ഉപരോധിച്ചു.

ജീവനക്കാരനടക്കം ആരേയും ഓഫിസിലേക്ക് കയറ്റി വിടുന്നില്ല. വനിതാ ജീവനക്കാര്‍ അടക്കം 300ലേറെ പേരാണ് സമരത്തിലുള്ളത്. സമരം തുടങ്ങും മുന്‍പ് എത്തിയ കണ്‍ട്രോള്‍ റൂം ജീവനക്കാരന് മാത്രമാണ് ഓഫിസില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്.

അതേസമയം, സമരം സര്‍വീസുകളെ ബാധിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. ശമ്പള വിതരണം കൃതമായി നടപ്പാക്കുക എന്നതടക്കം ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം.കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കണ്ടക്ടര്‍ മെക്കാനിക്ക് തസ്തികക്ക് പുറമേയുള്ളവര്‍ക്ക് മേയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല.ശമ്പള വിതരണം പൂര്‍ത്തിയാക്കാന്‍ 35 കോടി രൂപ കൂടി വേണമെന്നാണ് മാനേജ്‌മെന്റ് നിലപാട്.

സിഐടിയു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ച യോഗം ചേര്‍ന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇരുപത്തിയേഴാം തീയതി യൂണിയന്‍ നേതാക്കളെ വിശദമായ ചര്‍ച്ചക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്.





Tags: