പൗരത്വ ഭേദഗതി നിയമം: വീ ദ പീപ്പിള്‍ മഹാപൗരസംഗമം നാളെ നിശാഗന്ധിയില്‍

വിവിധ സമയങ്ങളിലായി മന്ത്രിമാരും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി പതിനായിരത്തിലേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Update: 2020-01-16 14:00 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിവാദ പൗരത്വ ഭേദഗതി നിയമത്തിനെതിരേ തലസ്ഥാനത്ത് നാളെ മഹാപൗരസംഗമം നടക്കും. വീ ദ പീപ്പിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ രാവിലെ ആരംഭിക്കുന്ന പരിപാടിയെ വൈകിട്ട് 7.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിസംബോധന ചെയ്യും. വിവിധ സമയങ്ങളിലായി മന്ത്രിമാരും എംഎല്‍എമാരും മറ്റു ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി പതിനായിരത്തിലേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

രാവിലെ ഒന്‍പതിന് പരിപാടികള്‍ക്ക് തുടക്കമാകും. ദേശീയതലത്തില്‍ പ്രശസ്തരായ ശബ്‌നം ഹഷ്മി, സന്ദീപ് പാണ്ഡെ, ഹര്‍ഷ് മന്ദര്‍, ഡല്‍ഹിയിലെ വിവിധ സര്‍വ്വകലാശാല വിദ്യാര്‍ഥികളായ അക്തറിസ്ത അന്‍സാരി, ചന്ദന്‍ കുമാര്‍, അമുദ ജയദീപ്, ദോളന്‍ സാമന്ത, മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജെ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ശൈലജ, കടന്നപ്പള്ളി രാമചന്ദ്രന്‍, സി രവീന്ദ്രനാഥ്, മേയര്‍ കെ ശ്രീകുമാര്‍, എംഎല്‍എമാരായ കെ എസ് ശബരീനാഥന്‍, വി എസ് ശിവകുമാര്‍, ബി സത്യന്‍, വി കെ പ്രശാന്ത്, എം നൗഷാദ്, ടി വി രാജേഷ്, ഐ ബി സതീഷ്, വി ജോയി, എം കെ മുനീര്‍ വിവിധ സംഘടനാ നേതാക്കളായ ആനി രാജ, കാനം രാജേന്ദ്രന്‍, പുന്നല ശ്രീകുമാര്‍, സി കെ. ജാനു, ഫസല്‍ ഗഫൂര്‍, സാമൂഹ്യ പ്രവര്‍ത്തകരായ ജെ. ദേവിക, മൈത്രേയന്‍ തുടങ്ങിയവര്‍ വിവിധ സമയങ്ങളിലായി പരിപാടികളില്‍ പങ്കെടുക്കും.

വിവിധ മേഖലകളില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കലാപരിപാടികള്‍ പകല്‍ മുഴുവനും അരങ്ങേറും. ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍, വീഡിയോ പ്രദര്‍ശനം, ചിത്രരചന, നാടകം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള തിരുക്കുറല്‍ ബാന്‍ഡിന്റെ പരിപാടിയും രാത്രി എട്ടു മണിമുതല്‍ ഊരാളികളുടെ പാട്ടും പറച്ചിലും മഹാപൗരസംഗമത്തിന്റെ ഭാഗമാണ്.

Tags:    

Similar News