പൗരത്വ ഭേദഗതി നിയമം അടുത്ത ജനുവരി മുതല്‍; പശ്ചിമ ബംഗാളിലെ മുസ്‌ലിമേതര അഭയാര്‍ത്ഥികള്‍ക്ക് ഉടന്‍ പൗരത്വമെന്ന് ബിജെപി നേതാവ്

Update: 2020-12-06 07:37 GMT

കൊല്‍ക്കൊത്ത: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന് പഞ്ചിമ ബംഗാള്‍ ബിജെപി നേതാവ്. പശ്ചിമ ബംഗാളിലെ മുസ്‌ലിമേതര അഭയാര്‍ത്ഥികള്‍ക്ക് ഉടന്‍ പൗരത്വം നല്‍കുമെന്നും ബിജെപി നേതാവായ കൈലാഷ് വിജയ വര്‍ഗിയ പറഞ്ഞതായി പിടിഐ റിപോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാല്‍ നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കൈലാഷ്. 2021 ഏപ്രില്‍ മെയ് മാസങ്ങളിലാണ് പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

'പൗരത്വ ഭേദഗതി നിയമപ്രകാരം അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്ന പ്രക്രിയ അടുത്ത വര്‍ഷം ജനുവരി മുതല്‍ ആരംഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അയല്‍രാജ്യങ്ങളില്‍ നിന്ന് നമ്മുടെ രാജ്യത്തേക്ക് വരുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കണമെന്ന സത്യസന്ധമായ ഉദ്ദേശ്യത്തോടെയാണ് കേന്ദ്രം നിയമം പാസാക്കിയതെന്ന് കൈലാഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കൊറോണ വൈറസ് മഹാമാരിയാണ് നിയമം നടപ്പാക്കാനുള്ള കാലതാമസത്തിനു കാരണമെന്ന് ഒക്ടോബറില്‍ ബിജെപി പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദയും ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ബിജെപി സംസ്ഥാനത്തെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഫിര്‍ഹാദ് ഹക്കീം പ്രതികരിച്ചു.

പൗരത്വം എന്നാല്‍ ബിജെപി എന്താണ് അര്‍ത്ഥമാക്കുന്നത്? പൗരന്മാരല്ലെങ്കില്‍, മാതുവാ സമൂഹം വര്‍ഷം തോറും നിയമസഭയിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യുന്നതെങ്ങനെയാണ്? പശ്ചിമ ബംഗാളിലെ ജനങ്ങളെ കബളിപ്പിക്കുന്നത് ബിജെപി അവസാനിപ്പിക്കണമെന്നും ഹക്കിം ആവശ്യപ്പെട്ടു.

കിഴക്കന്‍ പാകിസ്താന്‍ (ഇന്നത്തെ ബംഗ്ലാദേശ്) സ്വദേശികളായ മാതുവാ സമൂഹം 1950കളില്‍ പശ്ചിമ ബംഗാളിലേക്ക് മതപരമായ പീഡനം മൂലം കുടിയേറിയവരാണ്.

2019 ഡിസംബര്‍ 11ന് പാര്‍ലമെന്റ് അംഗീകരിച്ച പൗരത്വ ഭേദഗതി നിയമം ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31നകം രാജ്യത്ത് പ്രവേശിച്ച് തുടര്‍ച്ചയായി ആറ് വര്‍ഷം ഇന്ത്യയില്‍ ജീവിക്കുന്ന ആറ് ന്യൂനപക്ഷ മത സമുദായങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നു. ഈ നിയമം മുസ്‌ലിംകളെ ഒഴിവാക്കിയിരിക്കുകയാണ്.



Similar News