പൗരത്വ ഭേദഗതി നിയമം: താക്കീതായി ഭരണഘടനാ സംരക്ഷണ റാലി

Update: 2020-01-17 16:15 GMT

തച്ചനാട്ടുകര: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ തച്ചനാട്ടുകര പഞ്ചായത്ത് ഭരണഘടനാ സംരക്ഷണ സമിതി നടത്തിയ ഭരണഘടനാ സംരക്ഷണ റാലി താക്കീതായി. പഞ്ചായത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത ജനപങ്കാളിത്തമാണ് റാലിയില്‍ അണിനിരന്നത്. വൈകീട്ട് നാലു മണിയാവുമ്പോഴേക്കും റാലിയാരംഭിക്കുന്ന ചെത്തല്ലൂരില്‍ റാലിയില്‍ അണി ചേരാനായി ആയിരങ്ങള്‍ ഒത്തുകൂടിയിരുന്നു. അസര്‍ നമസ്‌കാരാനന്തരം 4.30നു ആരംഭിച്ച റാലി ആറരയോടെ കരിങ്കല്ലത്താണിയിലെത്തി. വിവിധ മതവിശ്വാസികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും കുട്ടികളും വൃദ്ധരും തൊഴിലാളികളും സാംസ്‌കാരിക പ്രവര്‍ത്തകരും വ്യാപാരികളും റാലിയില്‍ അണിനിരന്നു. സ്വാതന്ത്ര്യ സമര സ്മരണകളുറങ്ങുന്ന തച്ചനാട്ടുകരയുടെ മണ്ണില്‍ ഒരിക്കല്‍ കൂടി പൂര്‍വപിതാക്കളുടെ പാവനസ്മരണകള്‍ പുതുതലമുറ ഓര്‍ത്തെടുത്തു. ജീവന്‍ നല്‍കിയും തുല്യതയില്ലാത്ത ത്യാഗം സഹിച്ചും നേടിയെടുത്ത സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ആരുശ്രമിച്ചാലും അനുവദിക്കില്ലെന്ന് പ്രകടനക്കാര്‍ വിളിച്ചുപറഞ്ഞു.

    പൗരത്വം ആരുടെയും ഔദാര്യമല്ലെന്നും ജന്മാവകാശമാണെന്നും അത് സംരക്ഷിക്കാന്‍ ജീവന്‍ ത്യജിക്കാന്‍ പോലും തയ്യാറാണെന്നും, ആസാദി മുദ്രാവാക്യങ്ങളും മുഴക്കിയാണ് പ്രകടനം മുന്നോട്ട് നീങ്ങിയത്. ചെത്തല്ലൂര്‍ മുതല്‍ കരിങ്കല്ലത്താണി വരെ റോഡിനിരുവശവും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വലിയൊരു വിഭാഗം ജനാവലി റാലിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ ഒത്തുകൂടിയിരുന്നു.

    പഞ്ചായത്ത് വൈസ് പ്രസിഡന്റും മുന്‍ സൈനികനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി രാമന്‍ കുട്ടി ഗുപ്തനാണ് ദേശീയ പതാകയേന്തി റാലിയുടെ ഏറ്റവും മുന്നില്‍ അണിനിരന്നത്. തുടര്‍ന്ന് ബാനറിന്നു പിന്നില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ അണിനിരന്നു. എം എസ് അലവി, സി പി അലവി മാസ്റ്റര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി, ഉണ്ണീന്‍കുട്ടി സഖാഫി, സി എം അലി മൗലവി, കബീര്‍ അന്‍വരി, കെ പി എം സലീം, സൈതലവി, മന്‍സൂര്‍ പുവ്വത്താണി, ജയന്‍, ഇ ഗോപാലകൃഷ്ണന്‍, രാമന്‍കുട്ടി ഗുപ്തന്‍, ഹഫീസ് പൊന്നേത്ത്, ഷാജഹാന്‍ നാട്ടുകല്‍, ഹസയ്‌നാര്‍ മാസ്റ്റര്‍, സെയ്ദ് മാസ്റ്റര്‍, ഹംസ മാസ്റ്റര്‍, ജബ്ബാര്‍ സഖാഫി നേതൃത്വം നല്‍കി.


തുടര്‍ന്നുനടന്ന പൊതുസമ്മേളനം വി കെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു. സി പി അലവി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജോസ് ബേബി, എം എസ് അലവി, ഉണ്ണീന്‍കുട്ടി സഖാഫി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, വി പി ഹംസ അന്‍സാരി, ഡോ. അബ്ദുല്‍ വാസിഅ, ഷാജഹാന്‍, ഹഫീസ്, കബീര്‍ അന്‍വരി, മന്‍സൂര്‍ അലി സംസാരിച്ചു.





Tags:    

Similar News