പൗരത്വസമരപോരാളി സഫൂറ സര്‍ഗാര്‍ പുറത്താക്കല്‍ ഭീഷണിയില്‍; എംഫില്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി
ന്യൂഡല്‍ഹി: പൗരത്വസമരത്തില്‍ യുഎപിഎ ചുമത്തപ്പെട്ട് ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവന്ന ജാമിഅ മില്ലിയ സര്‍വകലാശാല എംഫില്‍ ഇന്റഗ്രേറ്റഡ് പിജി വിദ്യാര്‍ത്ഥിയെ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. സഫൂറ പഠിക്കുന്ന സോഷ്യോളജി വിഭാഗം അവരുടെ എംഫില്‍ അപേക്ഷ തള്ളാനുള്ള നീക്കം തുടങ്ങിയതായി ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജാമിഅയില്‍ സോഷ്യോളജി വിഭാഗത്തില്‍ ഇന്റഗ്രേറ്റഡ് എംഫില്‍ വിദ്യാര്‍ത്ഥിയാണ് സഫൂറ സര്‍ഗാര്‍.
എംഎഫില്‍ തീസിസ് വയ്ക്കുന്നതിന് സമയം നീട്ടിനല്‍കണമെന്ന സഫൂറയുടെ അപേക്ഷ സര്‍വകലാശാല അംഗീകരിച്ചിട്ടില്ല. കൊവിഡ് കാലമായതുകൊണ്ട് സഫൂറക്ക് കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ല. പെണ്‍കുട്ടികള്‍ക്ക് കോഴ്‌സ് കാലാവധി നീക്കിനല്‍കാന്‍ യുജിസി ചട്ടമുണ്ടെങ്കിലും ആ സൗകര്യം നല്‍കാനും സര്‍വകലാശാല തയ്യാറല്ല.
തന്റെ കോഴ്‌സിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമല്ലെന്ന് അവര്‍ പറഞ്ഞു. സര്‍വകലാശാല ചട്ടമനുസരിച്ചാണ് നടപടി കൊക്കൊള്ളുന്നതെന്ന് സഫൂറയുടെ പരാതിയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ അന്വേഷണത്തിനോട് വകുപ്പ് തലവന്‍ ഡോ. മനിഷ ത്രിപാഠി പാണ്ഡെ പ്രതികരിച്ചു. അതേസമയം അദ്ദേഹം കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ലെന്ന് വാര്‍ത്ത പുറത്തുവിട്ട മഖ്ദൂബ്മീഡിയ റിപോര്‍ട്ട് ചെയ്തു.
കുല്‍വിന്ദര്‍ കൗറിന്റെ കീഴിലാണ് സഫൂറ എംഫില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. 2019 ഫെബ്രുവരിയിലാണ് കോഴ്‌സ് തുടങ്ങിയത്. സാധാരണ നിലയില്‍ 2022 ഫെബ്രുവരിയില്‍ കോഴ്‌സ് കാലാവധി തീരേണ്ടതാണ്. കൊവിഡുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും കോഴ്‌സ് കാലാവധി നീട്ടിനല്‍കിയെങ്കിലും സഫൂറക്ക് നല്‍കിയിട്ടില്ല. കൊവിഡ് കാലവുമായി ബന്ധപ്പെട്ട് 2 മാസമാണ് സര്‍വകലാശാല നീട്ടിനല്‍കിയിട്ടുള്ളത്.
ഡല്‍ഹിയില്‍ ഹിന്ദുത്വര്‍ അഴിച്ചുവിട്ട കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് 2020 ഏപ്രില്‍ 10നാണ് യുഎപിഎ ചുമത്തി സഫൂറയെ അറസ്റ്റ് ചെയ്തത്. ജാമിഅ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍. ജാമിഅയിലെ അക്രമത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം അറസ്റ്റ് ചെയ്ത സഫൂറയെ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ കലാപക്കേസിലും പ്രതിചേര്‍ത്ത് യുഎപിഎ അടക്കമുള്ളവ ചുമത്തി ജയില്‍ മോചനം തടയുകയായിരുന്നു. പിന്നീട് ഹൈക്കോടതി അവര്‍ക്ക് ജാമ്യം നല്‍കി.
