പൗരത്വസമരം: ഒരു കേസില്‍ അസം എംഎല്‍എ അഖില്‍ ഗൊഗോയിക്കെതിരേ ചുമത്തിയ യുഎപിഎ ഒഴിവാക്കി

Update: 2021-06-22 13:53 GMT

ഗുവാഹത്തി: പൗരത്വസമരത്തില്‍ പങ്കെടുത്തതിന് ശിവസാഗര്‍ എംഎല്‍എ അഖില്‍ ഗൊഗോയിക്കെതിരേ ചുമത്തിയ യുഎപിഎ പ്രത്യേക എന്‍ഐഎ കോടതി ഒഴിവാക്കി. പൗരത്വ സമര സമയത്ത് ഗോഗോയി കലാപം അഴിച്ചുവിട്ടുവെന്നാണ് എന്‍ഐഎ ആരോപിച്ചത്. ഇതേ കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവരുടെ പേരിലുളള യുഎപിഎയും കോടതി ഒഴിവാക്കി.

ഡിസംബര്‍ 2019ലാണ് ഗൊഗോയിയും മറ്റ് രണ്ട് പേരും അറസ്റ്റിലായത്. ഇവര്‍ക്കെതിരേ ചുമത്തിയ കേസ് നിലനില്‍ക്കുകയില്ലെന്ന് സ്‌പെഷ്യല്‍ കോടതി ജഡ്ജി പ്രന്‍ജല്‍ ദാസ് വിധിന്യായത്തില്‍ നിരീക്ഷിച്ചു.

ഗോഗോയിക്കു പുറമെ ജഗത്ജിത് ഗൊഹെയ്ന്‍, ഭൂപെന്‍ ഗൊഗോയി തുടങ്ങിയരാണ് യുഎപിഎ ഒഴിവാക്കിക്കിട്ടിയ മറ്റ് രണ്ടുപേര്‍.

അസമിലെ റെയ്‌ജോര്‍ ദളിന്റെ പ്രസിഡന്റാണ് ഗൊഗോയ്. ചബുവ പോലിസ് സ്‌റ്റേഷനില്‍ ചുമത്തിയ ഇതേ കേസില്‍ നേരത്തെ കോടതി ഗൊഗോയിക്കും സഹപ്രവര്‍ത്തകര്‍ക്കും ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ കേസ് പിന്നീട് എന്‍ഐഎക്ക് കൈമാറുകയായിരുന്നു.

ചന്ദ്മരി, ചബുവ പോലിസ് സ്റ്റേഷനുകളിലായി പോലിസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

മുന്നാമത് ഒരാള്‍ക്കെതിരേയും കേസെടുത്തിരുന്നെങ്കിലും അദ്ദേഹത്തിനെതിരേ യുഎപിഎ ചുമത്തിയിരുന്നില്ല. അനധികൃതമായി കൂട്ടം ചേര്‍ന്നതിനും മാരകായുധങ്ങള്‍ ഉപയോഗിച്ചതിനുമായിരുന്നു കേസ്.

ചന്ദ്മരി പോലിസ് സ്‌റ്റേഷനില്‍ ചുമത്തിയ കേസ് നാളെ വാദം കേള്‍ക്കും. ആ കേസും എന്‍ഐഎക്ക് കൈമാറിയിരുന്നു.

ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കോടതി ജാമ്യം നിഷേധിച്ചിരുന്നു. പിന്നീട് അദ്ദേഹം ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും ജാമ്യാപേക്ഷ പരിഗണിച്ചില്ല. പിന്നീട് സുപ്രിംകോടതിയെ സമീച്ചു. ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി നിലപാടെടുത്തു.

പൗരത്വസമരം കൊടുമ്പിരികൊണ്ടിരുന്ന 2019 ഡിസംബര്‍ 12ാം തിയ്യതിയാണ് ജോര്‍ഹത്തില്‍ വച്ച് ഗൊഗോയി അറസ്റ്റിലായത്. ചുമത്തിയ എല്ലാ കേസുകളിലും യുഎപിഎ ചാര്‍ജ് ചെയ്ത ശേഷം അന്വേഷണം എന്‍ഐഎയെ ഏല്‍പ്പിച്ചു.

ജയിലില്‍ നിന്നുകൊണ്ടുതന്നെ ഗൊഗോയ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അസമിലെ ആദ്യ നേതാവാണ് ഗൊഗോയ്.

നിലവില്‍ അദ്ദേഹം ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.