യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ച് കൊന്ന സംഭവം; ആഭ്യന്തര അന്വേഷണം ആരംഭിച്ചു
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരനായ ഐവിന്‍ ജിജോ എന്ന യുവാവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ച് കൊന്ന സംഭവത്തില്‍ആഭ്യന്തര അന്വേഷണം ആരംഭിച്ചു. സിഐഎസ്എഫ് ഡിഐജി ആര്‍. പൊന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി സിഐഎസ്എഫ് ഡിഐജി ആര്‍. പൊന്നി സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വിശദമായ അന്വേഷണത്തിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍.
സംഭവത്തില്‍ പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ റിമാന്‍ഡ് ചെയ്തിരുന്നു. ഒന്നാം പ്രതി വിനയ്കുമാര്‍ ദാസ്, രണ്ടാം പ്രതി മോഹന്‍ എന്നിവരെയാണ് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തത്.
സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം. ഐവിന്‍ ജിജോയുമായുണ്ടായ തര്‍ക്കത്തിന് ശേഷം പോകാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഐവിന്‍ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രകോപന കാരണമായി പോലിസ് ചൂണ്ടിക്കാട്ടുന്നിത്. പോലിസ് വന്നിട്ട് പോയാല്‍ മതിയെന്ന് ഐവിന്‍ പറഞ്ഞതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. ബോണറ്റില്‍ വലിച്ചു കൊണ്ടുപോയ ശേഷം റോഡിലേക്ക് വീണ ഐവിന്റെ മുകളിലൂടെ കാര്‍ കയറിയിറക്കി. കാറിനിടയില്‍പ്പെട്ട ഐവിനെ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് ഐവിന്റെ മരണത്തിന് കാരണമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. നെടുമ്പാശേരിയില്‍ വിമാനക്കമ്പനികള്‍ക്കു ഭക്ഷണം തയാറാക്കി നല്‍കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഐവിന്‍, വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു. ഇതിനിടെയാണ് നെടുമ്പാശേരി നായത്തോട് ഭാഗത്തുവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി കാറുകള്‍ ഉരസിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുന്നത്. അതിന് ശേഷം അവിടെ നിന്ന് പോകാനായി ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ ഐവിനെ ഇടിച്ച് തെറിപ്പിച്ചത്.
സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടാണ് കാറുള്‍പ്പെടെ തടഞ്ഞുവച്ചത്. ഇതിനിടെ പ്രതികളും നാട്ടുകാരും തമ്മിവും കയ്യാങ്കളിയുണ്ടായി. ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയാണ് ഒന്നാം പ്രതി വിനയ്കുമാര്‍ ദാസിനെ പോലിസ് അറസ്റ്റ് ചെയ്തത്.

