പൗരത്വ പ്രക്ഷോഭം: കേസുകള്‍ പിന്‍വലിക്കാത്തത് ആര്‍എസ്എസ്-സിപിഎം ധാരണപ്രകാരമെന്ന് എകെ സലാഹുദ്ദീന്‍

വാക്കിന് വിലയില്ലാത്ത കപടനാട്യക്കാരനാണ് പിണറായിയെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി

Update: 2022-06-28 07:23 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പൗരത്വ ബില്ലിനെതിരേ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം ഇടതു സര്‍ക്കാര്‍ നടപ്പാക്കാതിരുന്നത് സംഘപരിവാരവുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണയുടെ ഭാഗമാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ഖജാന്‍ജി എ കെ സലാഹുദ്ദീന്‍. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 835 കേസുകളിലായി 6847 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ 34 കേസുകള്‍ മാത്രമാണ് നാളിതുവരെ പിന്‍വലിച്ചത്. ഇതില്‍ 28 എണ്ണം കണ്ണൂര്‍ ജില്ലയില്‍ മാത്രം. ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്ന് ഒരു കേസ് പോലും പിന്‍വലിച്ചിട്ടില്ല.

പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്താണ് പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. ഇത് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെ കബളിപ്പിച്ച് വോട്ട് തട്ടിയെടുക്കാനുള്ള തന്ത്രമായിരുന്നെന്ന് തെളിഞ്ഞിരിക്കുന്നു. വാക്കുകള്‍ക്ക് വിലയില്ലാത്ത കേവലം കപടനാട്യക്കാരനാണ് പിണറായിയെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുന്നു. ശബരിമല സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട് അക്രമസമരങ്ങളില്‍ പ്രതികളായ സംഘപരിവാര പ്രവര്‍ത്തകരെ രക്ഷിക്കുന്നതിന് അത്തരം കേസുകള്‍ പിന്‍വലിക്കാന്‍ രഹസ്യ ധാരണയുണ്ടാക്കിയിരുന്നു. അതിന് തൂക്കമൊപ്പിക്കുന്നതിനായിരുന്നു പൗരത്വ പ്രക്ഷോഭ കേസുകളും പിന്‍വലിക്കുമെന്ന് അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. പൗരത്വ നിഷേധത്തിനെതിരായി നടന്ന സമരങ്ങള്‍ വളരെ സമാധാനപരമായിരുന്നു. അതേസമയം ശബരിമല പ്രക്ഷോഭങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായ അക്രമങ്ങളും കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. ഭീകരമായ അക്രമങ്ങളില്‍ പ്രതികളായവരുടെ കേസുകളാണ് ഇടതുസര്‍ക്കാര്‍ പിന്‍വലിച്ചത്. ഇനിയും തിരഞ്ഞെടുപ്പുകള്‍ വരാനുണ്ടെന്ന് പിണറായി വിജയന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

മുഖ്യമന്ത്രി പിണറായി വിജയന് ധാര്‍മികതയുണ്ടെങ്കില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം നടപ്പിലാക്കണമെന്ന് എ കെ സലാഹുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Tags: