ചര്‍ച്ച് ആക്റ്റ്: നിരാഹാരസമരം ചെയ്യുന്ന യാക്കോബായ സഭയിലെ റമ്പാനെ പോലിസ് ആശുപത്രിയിലേക്ക് നീക്കി

Update: 2020-08-24 13:33 GMT

കോട്ടയം: ചര്‍ച്ച് ആക്റ്റ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരമനുഷ്ടിക്കുന്ന യാക്കോബായ സഭയിലെ പ്രധാന പുരോഹിതന്മാരിലൊരാളായ ബാര്‍ യൂഹാനോന്‍ റമ്പാനെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് നീക്കി. അദ്ദേഹം സമരമനുഷ്ടിച്ചുകൊണ്ടിരിക്കുന്ന ആശ്രമമായ ദയറയില്‍ നിന്നാണ് മൂവാറ്റുപുഴ പോലിസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. 19ാം തിയ്യതിയാണ് റമ്പാന്‍ നിരാഹാരസമരം തുടങ്ങിയത്. ആശുപത്രിയിലും അദ്ദേഹം നിരാഹാര സമരം തുടരുമെന്നാണ് അറിയുന്നത്.

കേരളത്തിലെ 15 ലക്ഷം വിശ്വാസികളുള്ള യാക്കോബായ സഭയിലെ പുരോഹിതന്‍ എന്നതിനു പുറമെ ചര്‍ച്ച് ആക്ട് മൂവ്മെന്റ്കളുടെ നേതാവും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച ്ആക്റ്റ് ബില്‍ ഇംപ്ലിമെന്റേഷന്‍(മക്കാബി)യുടെ സ്ഥാപക ഡയറക്ടറുമാണ് ബാര്‍ യൂഹാനോന്‍ റമ്പാന്‍. ഇന്ത്യയില്‍ നിലവിലുള്ള ഗുരുദ്വാരാ ആക്റ്റ്, വഖഫ് ആക്റ്റ് എന്നിവ പോലുള്ള ഒരു നിയമം ക്രിസ്ത്യന്‍ സഭയ്ക്കും വേണമെന്നാണ് റമ്പാന്‍ ആവശ്യപ്പെടുന്നത്. ക്രൈസ്തവ സഭയില്‍ പള്ളിത്തര്‍ക്കം പോലുള്ള പല പ്രശ്നങ്ങള്‍ക്കും പിന്നില്‍ ഇത്തരമൊരു ആക്റ്റിന്റെ അഭാവമാണെന്നാണ് സമരത്തെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം.

മുന്‍കാലങ്ങളില്‍ ഇത്തരമൊരു ആക്റ്റിനു വേണ്ടി പല സഭയിലുള്ള ക്രൈസ്തവ സംഘടനകള്‍ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഇത്തരമൊരു നിയമം കൃഷ്ണയ്യര്‍ അധ്യക്ഷനായി 2009 ല്‍ തന്നെ എഴുതിത്തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇതുപക്ഷേ, നടപ്പാക്കാനോ നിയമസഭയില്‍ അവതരിപ്പിക്കാനോ ഒരു സര്‍ക്കാരും തയ്യാറായിട്ടില്ല. ഇതിനുവേണ്ടിയുള്ള നിരവധി ശ്രമങ്ങള്‍ നടന്ന് പരാജയപ്പെട്ട സാഹചര്യത്തിലാണ് ചര്‍ച്ച് ആക്റ്റ് നടപ്പാക്കിയേ തീരു എന്ന നിലപാടില്‍ യാക്കോബായ സഭയിലെ പ്രമുഖനായ പുരോഹിതന്‍ റമ്പാന്‍ തന്നെ നേരിട്ട് സമരത്തിനിറങ്ങിയത്.

1927 ലാണ് ഇന്ത്യന്‍ ചര്‍ച്ച് ആക്റ്റ് നിലവില്‍ വന്നത്. സ്വാതന്ത്ര്യാനന്തരം 1957 ല്‍ എസ് സി സെതല്‍വാദ് അദ്ധ്യക്ഷനായ ലോകമ്മീഷന്റെ റിപോര്‍ട്ടില്‍ ഇത്തരമൊരു നിയമം എല്ലാ സംസ്ഥാനങ്ങളിലും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ചര്‍ച്ച് ആക്ട് നിലവിലുണ്ട്. എന്നാല്‍ ക്രിസ്ത്യന്‍ സഭയുടെ സ്വത്തുവകകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിയമം ഇതുവരെയും കേരളത്തില്‍ നടപ്പായിട്ടില്ല. ''ഭാരതത്തിലെ സിക്കുകാര്‍ക്ക് ഗുരുദ്വാരാ ആക്ടുണ്ട്. മുസ്ലിംകള്‍ക്ക് വഖഫ് ആക്ടുണ്ട്. ഹിന്ദുക്കള്‍ക്ക് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ആക്ടുണ്ട്. എന്നാല്‍ ക്രിസ്ത്യാനികള്‍ക്ക് അവരുടെ സഭാ സ്വത്ത് കൈകാര്യം ചെയ്യാന്‍ ഒരു നിയമമില്ല. ഈ വിവേചനം അവസാനിപ്പിക്കാന്‍ നടപടി വേണം''- മക്കാബി ജനറല്‍ സെക്രട്ടറി അഡ്വ. ബോബന്‍ വര്‍ഗീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25 അനുസരിച്ച് ഇന്ത്യയിലെ ഏതൊരു പൗരനും അവന് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം, പ്രചരിപ്പിക്കാം, ആര്‍ട്ടിക്കിള്‍ 26 അനുസരിച്ച് മതത്തിന്റെ ഉന്നമനത്തിനുവേണ്ടിയും ജീവകാരുണ്യ ലക്ഷ്യങ്ങള്‍ക്കും സ്ഥാപനങ്ങള്‍ ഉണ്ടാക്കാം. എന്നാല്‍ ആര്‍ട്ടിക്കിള്‍ 26 (ഡി) പ്രകാരം ഈ സ്ഥാപനങ്ങള്‍ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാകണം ഭരിക്കപ്പെടേണ്ടത്. ഇത്തരമൊരു നിയം ക്രിസ്ത്യന്‍ സഭയില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് ദി കേരള ക്രിസ്്ത്യന്‍ ചര്‍ച്ച് പ്രോപര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ട്രസ്റ്റ് ബില്ല്, 2009 നടപ്പാക്കണമെന്ന ആവശ്യവുമായി യാക്കോബായ സഭ രംഗത്തുവന്നിരിക്കുന്നത്.

സമരം ചെയ്യുന്ന റമ്പാന്‍ തന്നെ കസ്റ്റഡിയിലായ സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത സമ്മര്‍ദ്ദത്തിലാവുമെന്നാണ് കരുതുന്നത്. പ്രത്യേകിച്ച് ചര്‍ച്ച് ആക്റ്റ് നടപ്പാക്കുന്നതിന് ഏറ്റവും എതിര്‍ നില്‍ക്കുന്നത് കത്തോലിക്കാ സഭയായ സാഹചര്യത്തില്‍.  

Tags: