കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു

Update: 2020-08-13 01:07 GMT

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി(84) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. 1936 ജനുവരി 19 ന് മാവേലിക്കരയില്‍ ചുനക്കര കാര്യാട്ടില്‍ വീട്ടില്‍ ജനിച്ച രാമന്‍കുട്ടി പന്തളം എന്‍എസ്എസ്. കോളജില്‍നിന്നു മലയാളത്തില്‍ ബിരുദം നേടി. 76 സിനിമകള്‍ക്കായി 200 ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

1978 ല്‍ ആശ്രമം എന്ന ചിത്രത്തിലെ അപ്സരകന്യക എന്ന ഗാനം എഴുതിക്കൊണ്ടാണ് സിനിമാ ഗാനരചനയിലേക്കെത്തുന്നത്. ആകാശവാണിക്കുവേണ്ടിയും നാടകങ്ങള്‍ എഴുതുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.

ശ്യാമമേഘമേ നീ(അധിപന്‍), ഹൃദയവനിയിലെ ഗായികയോ(കോട്ടയം കുഞ്ഞച്ചന്‍) ദേവദാരു പൂത്തു(എങ്ങനെ നീ മറക്കും) ഓ ശാരികേ( വീണ്ടും ചലിക്കും ചക്രം), നീയറിഞ്ഞോ മേലെ മാനത്ത്(കണ്ടു കണ്ടറിഞ്ഞു), ചന്ദനക്കുറിയുമായി(ഒരുനോക്കുകാണാന്‍) തുടങ്ങി നിരവധി ഹിറ്റ് മലയാള ചലച്ചിത്രഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. ഭാര്യ പരേതയായ കെ.വി. തങ്കമ്മ.





Tags: