സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള്‍ ജാഗ്രത പാലിക്കണം: എം കെ ഫൈസി

Update: 2024-12-26 10:59 GMT

തിരുവനന്തപുരം: സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ ക്രൈസ്തവ സഹോദരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഐ ദേശീയ അധ്യക്ഷന്‍ എം കെ ഫൈസി. ക്രിസ്മസ് ആഘോഷിക്കുന്ന ക്രൈസ്തവ സമൂഹത്തിന് നേരെ രാജ്യത്തുടനീളം നടന്ന വ്യാപകമായ ആക്രമണങ്ങള്‍ സമുദായ മേധാവികളില്‍ നിന്ന് തന്നെ നിശിത വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നുവെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്രിസ്ത്യാനികള്‍ സംഘപരിവാര്‍ ആക്രമണങ്ങള്‍ നേരിടുന്നതില്‍ കുറവുളള സംസ്ഥാനമായ കേരളത്തിനും ഇത്തവണ ഹിന്ദുത്വ മതഭ്രാന്തന്മാരുടെ യഥാര്‍ത്ഥ മുഖം ദൃശ്യമായെന്നും അദ്ദേഹം പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പരിഹാസ രൂപേണയുളള തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പ്രധാനമന്ത്രിയുടെയും പാര്‍ട്ടിയുടെയും ഇരട്ടമുഖത്തെ ശക്തമായി വലിച്ചുകീറി. ആര്‍എസ്എസിന്റെ ബൈബിളായ വിചാരധാരയില്‍ അതിന്റെ സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കര്‍ നിര്‍വചിച്ച 'ആഭ്യന്തര ശത്രുക്കളുടെ' പട്ടികയില്‍ ക്രിസ്ത്യാനികള്‍ രണ്ടാം സ്ഥാനത്താണ്. മണിപ്പൂരില്‍ സംഘപരിവാര്‍ രണ്ടാം ശത്രുവിനെ ഇല്ലാതാക്കാന്‍ തുടങ്ങി. ഇപ്പോള്‍ കേരളത്തിനും മുന്നറിയിപ്പ് ലഭിച്ചു.

രാജ്യത്തുടനീളമുള്ള, പ്രത്യേകിച്ച് കേരളത്തിലെയും ക്രൈസ്തവ സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളെ എസ്ഡിപിഐ ശക്തമായി അപലപിക്കുന്നുവെന്നും അപകടകാരികളായ സംഘപരിവാര്‍ ഫാഷിസ്റ്റുകളെ കുറിച്ച് ക്രൈസ്തവ സഹോദരങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയാണെന്നും എം കെ ഫൈസി പറഞ്ഞു.

Tags: