ചിത്രലേഖയുടെ മതംമാറ്റം: ഏഷ്യാനെറ്റിന്റെ കള്ളപ്രചാരണം ആര്‍എസ്എസ്സിനെ സഹായിക്കാനെന്ന് എസ്ഡിപിഐ

Update: 2020-11-19 14:54 GMT

കണ്ണൂര്‍: ചിത്രലേഖയുടെ മതം മാറ്റവുമായി ബന്ധപ്പെട്ട് എസ്ഡിപിഐയെ വലിച്ചിഴക്കാനുള്ള ഏഷ്യാനെറ്റിന്റെ ശ്രമം സംഘപരിവാര്‍ സംഘടനകള്‍ക്ക് വേണ്ടിയാണെന്നും ഏഷ്യാനെറ്റിന്റെ ആര്‍എസ്എസ് ബന്ധം പൊതുസമൂഹം തിരിച്ചറിയുന്നുണ്ടെന്ന് ഏഷ്യാനെറ്റ് മനസ്സിലാക്കണമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്.

സമൂഹത്തില്‍ സ്പര്‍ധയും വെറുപ്പും സൃഷ്ടിക്കാന്‍ ഇത്തരം കള്ളവാര്‍ത്തകള്‍ കാരണമാകുന്നു. സമൂഹത്തിന്റെ കെട്ടുറപ്പിനും ഐക്യത്തിനും പ്രാധാന്യം നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമ സ്ഥാപനം ഇങ്ങനെ തരം താഴാന്‍ പാടില്ല. ചിത്രലേഖയ്ക്ക് അവരുടെതായ നിലപാട് സ്വീകരിക്കാനുള്ള കഴിവും പ്രാപ്തിയുമുണ്ട്. അതിന് മൂന്നാംകക്ഷിയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ല. ഏത് മതം സ്വീകരിച്ചാലും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നതാണ് പാര്‍ട്ടി നിലപാട്.

അതിന് വിരുദ്ധമായ അവസ്ഥ കൈവരുമ്പോള്‍ ഇരയോടൊപ്പം നില്‍ക്കുന്ന നിലപാട് സ്വീകരിക്കും. അതിന് ഏതെങ്കിലും മാധ്യമ സ്ഥാപനങ്ങളുടെയോ അധികാരികളുടെയോ ഓശാരം വേണ്ടതില്ല. ജനാധിപത്യവും ഉയര്‍ന്ന മൂല്യങ്ങളും കാത്ത് സൂക്ഷിക്കാന്‍ നട്ടെല്ലായി പ്രവര്‍ത്തിക്കേണ്ടവരുടെ ഭാഗത്ത് നിന്നും എക്‌സ്‌ക്ലൂസിവ് വാര്‍ത്തകള്‍ക്ക് വേണ്ടി ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത് നാടിന്റെ സമാധാനം തകര്‍ക്കുമെന്നും വ്യാജപ്രചാരണങ്ങളില്‍ നിന്ന് ഏഷ്യാനെറ്റ് പിന്തിരിയണമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.

Similar News