ചിറയിന്‍കീഴിലെ ദുരഭിമാന മര്‍ദ്ദനം: പ്രതി ഡോ.ഡാനിഷ് ഒളിവിലെന്ന് പോലിസ്

പരാതി എഴുതി നല്‍കാതിരുന്നതിലാണ് നേരത്തെ പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതെന്നാണ് ചിറയിന്‍കീഴ് പോലിസിന്റെ വാദം

Update: 2021-11-04 07:52 GMT

ആറ്റിങ്ങല്‍: ചിറയിന്‍കീഴില്‍ ദലിത് യുവാവിനെ മര്‍ദ്ദിച്ച കേസില്‍ പ്രതിയെ പിടികൂടാതെ പോലിസ്. ദുരഭിമാനമര്‍ദ്ദനകേസിലെ പ്രതിയായ യുവതിയുടെ സഹോദരന്‍ ഡോ. ഡാനിഷ് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് പോലിസ് വാദം. സംഭവം നടന്ന ദിവസം തന്നെ പോലിസ് പ്രതിയുടെ വീട്ടിലെത്തിയിരുന്നു. പക്ഷേ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതല്ലാതെ ഡാനിഷിനെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ ചിറയിന്‍കീഴ് പോലിസ് തയ്യാറായില്ല. പരാതി നല്‍കാത്തത് കൊണ്ടാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാത്തതെന്നാണ് ചിറയിന്‍കീഴ് പോലിസിന്റെ വിശദീകരണം.

പള്ളിയില്‍ വച്ച് വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞ് മിഥുനെയും ദീപ്തിയെയും സഹോദരന്‍ വിളിച്ച് വരുത്തി വികാരിയുടെ സാന്നിധ്യത്തില്‍ മതം മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസമ്മതിച്ചതോടെ ദീപ്തിയെ അമ്മയ്ക്ക് കാണണമെന്ന് പറഞ്ഞ് വീട്ടിലേക്ക്് കൊണ്ടുപോകും വഴി സഹോദരന്‍ ഡോ. ഡാനിഷ് മിഥുനെ മര്‍ദ്ദിക്കുകയായിരുന്നു.

ഒക്ടോബര്‍ 31ന് തന്നെ ദീപ്തി ചിറയിന്‍കീഴ് പോലിസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുക്കുകയോ പ്രതിയെ പിടിക്കുകയോ ചെയ്തില്ലെന്നാണ് ആക്ഷേപം. പരാതി എഴുതി നല്‍കിയില്ല എന്നാണ് പോലിസിന്റെ ന്യായം. വടി കൊണ്ടുള്ള അടിയില്‍ മിഥുന്റെ തലയ്ക്ക് ഗുരുതര പരിക്കുണ്ട്. മിഥുന്‍ തിരുവനന്തപുരം മെഡില്‍കോളജ് ആശുപത്രയിലില്‍ ചികില്‍സയിലാണ്. 

അതിനിടെ, താഴ്ന്ന ജാതിക്കാരനായതു കൊണ്ടുള്ള മതവിരോധമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ പറയുന്നു. ജാതി പേര് വിളിച്ച് ആക്ഷേപിച്ചായിരുന്നു മര്‍ദ്ദനമെന്നും എഫ്‌ഐആറില്‍ സൂചനയുണ്ട്.

രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്ന കടയ്ക്കാവൂര്‍ ആനത്തലവട്ടം സ്വദേശി മിഥുന്‍ കൃഷ്ണനും ചിറയിന്‍കീഴ് സ്വദേശി ദീപ്തി ജോര്‍ജ്ജും തമ്മില്‍ വിതുര ബോണക്കാട്ട് വെച്ചായിരുന്നു വിവാഹം. ദീപ്തി ലാറ്റിന്‍ കാത്തലിക് വിഭാഗവും മിഥുന്‍ തണ്ടാര്‍ വിഭാഗത്തില്‍പെട്ടയാളുമാണ്.


Tags: