അമേരിക്കന്‍ കപ്പലുകള്‍ തകര്‍ക്കണമെന്ന് ചൈനീസ് മാധ്യമം

യുഎസിഎസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നീ കപ്പലുകളാണ് തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലില്‍ പ്രവേശിച്ച് അഭ്യാസ പ്രകടനം നടത്തുന്നത്.

Update: 2020-07-06 05:03 GMT

ബീജിങ്: ദക്ഷിണ ചൈനാക്കടലില്‍ നാവികാഭ്യാസം നടത്തിയ യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ തകര്‍ക്കണമെന്ന് ചൈനീസ് മാധ്യമം. യുഎസ് കപ്പലുകള്‍ നാവികാഭ്യാസ പ്രകടനം നടത്തുന്ന ദക്ഷിണ ചൈനാക്കടല്‍ പൂര്‍ണമായും ചൈനീസ് സൈന്യത്തിന്റെ കൈപ്പടിയിലാണെന്നും യുഎസ് കപ്പലുകള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ഡിഎഫ് 21ഡി, ഡിഎഫ് 26 തുടങ്ങിയ മിസൈലുകള്‍ ചൈനയ്ക്കുണ്ടെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. വിമാനവാഹിനികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന മിസൈലുകള്‍ അടക്കമുള്ള ധാരാളം ആയുധങ്ങള്‍ ചൈനയുടെ കൈവശമുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

യുഎസിഎസ് നിമിറ്റ്‌സ്, യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ എന്നീ കപ്പലുകളാണ് തര്‍ക്കപ്രദേശമായ ദക്ഷിണ ചൈനാക്കടലില്‍ പ്രവേശിച്ച് അഭ്യാസ പ്രകടനം നടത്തുന്നത്. അതിനിടെ മേഖലയില്‍ ജൂലൈ 1 മുതല്‍ സമാനമായ വ്യാമാഭ്യാസ പ്രകടനങ്ങള്‍ നടത്തി വരുന്ന ചൈനീസ് സൈന്യത്തെ യുഎസ് വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്‍ഡോ പസഫിക് സമുദ്രഭാഗത്തെ സ്വതന്ത്രമായി നിലനിര്‍ത്തുന്നതിനായാണ് യുഎസിന്റെ ശ്രമമെന്നാണ് പെന്റഗണിന്റെ വിശദീകരണം. യുഎസ് അഭ്യാസപ്രകടനങ്ങള്‍ ചൈനീസ് നടപടിയ്ക്ക് മറുപടിയല്ലെന്നും പ്രദേശത്തെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് യുഎസ് നേവിയുടെ നിലപാട്.

കഴിഞ്ഞ ആഴ്ച്ച പസഫിക് സമുദ്രത്തിലും യുഎസ് യുദ്ധക്കപ്പലുകള്‍ വിന്യസിച്ചിരുന്നു. മൂന്നു വന്‍ വിമാനവാഹിനി കപ്പലുകളാണ് അവിടെ പരിശീലനത്തിനെത്തിയത്. അറുപതിലേറെ പോര്‍വിമാനങ്ങളുള്ളവയാണ് ഓരോ കപ്പലും. ചൈനീസ് നായകന്‍ മാവോ സേ തൂങിന്റെ കാലം മുതല്‍ ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് ദക്ഷിണ ചൈനാക്കടല്‍. ആഗോള നാവിക ചരക്കുനീക്കത്തിന്റെ വലിയപങ്കും ഇതിലൂടെയാണ്. ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, മലേഷ്യ, തയ്‌വാന്‍, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളും ഈ തന്ത്രപ്രധാനമായ വാണിജ്യ മേഖലയില്‍ അവകാശവാദമുന്നയിക്കുന്നുണ്ട്.




Tags:    

Similar News