എലിസബത്ത് രാജ്ഞിയുടെ ശവമഞ്ചം കാണുന്നതില്‍ ചൈനീസ് പ്രതിനിധിസംഘത്തിന് വിലക്ക്
ലണ്ടന്‍: തിങ്കളാഴ്ച്ച നടക്കുന്ന എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ലണ്ടന്‍ സന്ദര്‍ശിക്കുന്ന ചൈനീസ് പ്രതിനിധികള്‍ക്ക് പാര്‍ലമെന്റിനുളളില്‍ സൂക്ഷിച്ചിട്ടുള്ള ശവമഞ്ചം കാണാന്‍ അനുമതിയുണ്ടാവില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
സിന്‍ജിയാങ്ങിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചതിന് നിരവധി ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ബീജിംഗ് പ്രവേശനാനുമതി നിഷേധിച്ച സാഹചര്യത്തില്‍ ചൈനീസ് സംഘത്തെ ക്ഷണിക്കുന്നതില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വിയോജിപ്പ് പ്രകടപിപ്പിച്ചിരുന്നു. എന്നാല്‍ എല്ലാ ആരോപണവും ചൈന നിഷേധിച്ചു.
2021ല്‍ 7 ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍മാര്‍ക്കാണ് ചൈന പ്രവേശനാനുമതി നിഷേധിച്ചത്. ചൈനീസ് അംബാസിഡര്‍ക്ക് യുകെ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിന് ഒരു വര്‍ഷം വിലക്കേര്‍പ്പെടുത്തിയിരുന്നു.
സ്പീക്കര്‍ ലിന്‍ഡ്‌സെ ഹോയിലാണ് ചൈനീസ് സംഘത്തിന് അനുമതി നിഷേധിച്ചത്. സെപ്തംബര്‍ 19നാണ് ശവസംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. എന്നാല്‍ സ്പീക്കറുടെ ഓഫിസ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതില്‍ നയതന്ത്രപരമായ പ്രോട്ടോകോള്‍ പാലിക്കണമെന്ന് നിര്‍ബന്ധമാണ്.
വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്നത്. അവിടെ ചൈനീസ് സംഘം എത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചൈനീസ് ഡെലിഗേഷനില്‍ ആരെങ്കിലും സംസ്‌കാരച്ചടങ്ങിലുണ്ടാകുമോയെന്ന് വ്യക്തമല്ല.
കണ്‍വെന്‍ഷന്‍ പ്രകാരം ബ്രിട്ടന് നയതന്ത്ര ബന്ധമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ക്ഷണിക്കുന്നത് വിദേശ കാര്യാലയത്തില്‍ നിന്നുള്ള ഉപദേശപ്രകാരമാണെന്നും അവരാണ് അതിഥിപ്പട്ടിക തയ്യാറാക്കുന്നതെന്നും പ്രധാനമന്ത്രി ലിസ് ട്രസ്സിന്റെ വക്താവ് പറഞ്ഞു.
താന്‍ ഇതുവരെ റിപോര്‍ട്ട് കണ്ടിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് ബീജിംഗില്‍ പറഞ്ഞു.

