ലോകം വൈറസ് ഭീതിയിലേക്ക്: ചൈനയില്‍ നാല് കൊറോണ വൈറസ് ബാധിതരെ കൂടി കണ്ടെത്തി
2003 ല്‍ ഇതുപോലെ ഭയാനകമായ മറ്റൊരു വൈറസ് ബാധ ചൈനയെ ഇളക്കി മറിച്ചിരുന്നു. സാര്‍സ് ആണ് അന്ന് ഭീഷണിയായത്. 800 പേര്‍ അന്ന് കൊല്ലപ്പെട്ടു.
വുഹാന്‍: ചൈനയിലെ വുഹാനില്‍ നാല് കൊറോണ വൈറസ് ബാധിതരെ കൂടെ കണ്ടെത്തി. ചൈനീസ് ആരോഗ്യ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പുതിയ രോഗബാധിതരെ കണ്ടെത്തിയത്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരികയാണ്. കഴിഞ്ഞ ശനിയാഴ്ച കൊറോണ വൈറസ് ബാധിച്ച ഒരു കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്നലെ രോഗബാധിതനായി ഒരാള്‍ മരിക്കുകയും ചെയ്്തു. മുഴുവന്‍ കേസുകളും മധ്യചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ നിന്നാണ്. പുതുതായി റിപോര്‍ട്ട് ചെയ്യപ്പെട്ട നാല് രോഗബാധിതരും ആരോഗ്യ അധികൃതരുടെ ശക്തമായ നിരീക്ഷണത്തിലാണ്.
ഇതുവരെ 50 പേരുടെ രോഗമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. എല്ലാവരും ഒന്നുകുല്‍ വുഹാനില്‍ ജീവിക്കുന്നവരോ അല്ലെങ്കില്‍ വുഹാന്‍ സന്ദര്‍ശിച്ചവരോ ആണ്. അതുകൊണ്ടുതന്നെ വുഹാനാണ് രോഗകേന്ദ്രമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
അടുത്ത ആഴ്ച ചൈനയില്‍ പുതുവര്‍ഷ അവധി ദിനങ്ങള്‍ ആരംഭിക്കുകയാണ്. ഇക്കാലത്ത് ചൈനയില്‍ നിന്ന് ധാരാളം പേര്‍ ലോകമാസകലമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ട്. രോഗം ലോകം മുഴുവന്‍ ബാധിക്കാന്‍ ഇത് ഇടവരുത്തുമോ എന്ന്് ലോകാരോഗ്യ സംഘടന ഭയപ്പെടുന്നു.
തായ്‌ലന്റില്‍ കഴിഞ്ഞ ആഴ്ച രണ്ട് കൊറോണ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തിരുന്നു. രണ്ടു പേരും ചൈനയില്‍ നിന്ന് വന്നവരാണ്.
കൊറോണ വൈറസ് ജലദോഷവും ശ്വാസതടസ്സവും മുതല്‍ സാര്‍സ് വരെ ഉണ്ടാക്കാം. എല്ലായ്‌പ്പോഴും അത് ഗുരുതരമാവണമെന്നില്ല. എന്നാല്‍ ചിലരില്‍ അത് മരണത്തിനു കാരണമാവും. രോഗം പന്നികളെയും കന്നുകാലികളെയും പൂച്ചകളെയും പട്ടികളെയും ഒട്ടകങ്ങളെയും ചില പക്ഷികളെയും ബാധിക്കും. ചൈനയില്‍ ഇപ്പോള്‍ കണ്ടെത്തിയ വൈറസ് അത്ര അപകടകരമല്ലെന്നാണ് ആദ്യ വിവരം. രോഗത്തെ കുറിച്ചും അതെത്ര മാത്രം അപകടകരമായേക്കാമെന്നും അറിയാത്തതും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.
വുഹാനിലെ മത്സ്യമാര്‍ക്കറ്റാണ് രോഗത്തിന്റെ കേന്ദ്രമെന്ന് കരുതുന്നു. എന്നാല്‍ രോഗം ബാധിച്ച 45 പേര്‍ക്ക് ഈ മാര്‍ക്കറ്റുമായി ഒരു ബന്ധവുമില്ലാത്തവരാണ്.
യുഎസ് അവരുടെ വിമാനത്താവളങ്ങളില്‍ രോഗബാധിതരെ കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചു. വുഹാന്‍ വഴി വരുന്ന വിമാനങ്ങളാണ് കര്‍ശന പരിശോധനക്ക് വിധേയമാക്കുന്നത്.
2003 ല്‍ ഇതുപോലെ ഭയാനകമായ മറ്റൊരു വൈറസ് ബാധ ചൈനയെ ഇളക്കി മറിച്ചിരുന്നു. സാര്‍സ് ആണ് അന്ന് ഭീഷണിയായത്. 800 പേര്‍ അന്ന് കൊല്ലപ്പെട്ടു.
