ചൈനയില്‍ റമദാന്‍ നോമ്പിനും നിരോധനമെന്ന് വൈഗൂര്‍ നേതാവ്

ക്യാംപുകളില്‍ ക്രൂരമായ പീഡനമാണ് വൈഗൂര്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്നത്. അവരെ അടിമകളായി ഉപയോഗിക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്

Update: 2020-09-28 17:45 GMT

ന്യൂഡല്‍ഹി: ചൈനയിലെ വൈഗൂര്‍ മുസ്‌ലിം ജനവിഭാഗത്തിന് റമദാന്‍ നോമ്പ് അനുഷ്ഠിക്കാന്‍ പോലും അനുവാദമില്ലെന്ന് വൈഗൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ഡോള്‍ക്കന്‍ ഈസ. സെന്റര്‍ ഫോര്‍ പോളിസി ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച 'വൈഗൂര്‍ മുസ്‌ലിംകളും ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനവും' എന്ന വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റമദാന്‍ നോമ്പെടുക്കുന്നവരെ കമ്യൂണിറ്റി അടുക്കള വഴി നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ജര്‍മ്മനിയില്‍ നിര്‍ബന്ധിത പ്രവാസ ജീവിതം നയിക്കുന്ന ഈസ പറഞ്ഞു. കുട്ടികള്‍ക്ക് മതപരമായ പേരുകള്‍ നല്‍കാന്‍ അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്യാംപുകളില്‍ ക്രൂരമായ പീഡനമാണ് വൈഗൂര്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്നത്. അവരെ അടിമകളായി ഉപയോഗിക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്യുന്നത്. ചൈനയുടെ അതിക്രമങ്ങള്‍ക്കെതിരെ പറയുന്ന വിദേശികളായ വൈഗൂര്‍ പൗരന്‍മാരെ പോലും ഇന്റര്‍പോളിനെ ഉപയോഗിച്ച് വേട്ടയാടുന്നു.

വൈഗൂര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അടിമത്ത നയം നടപ്പിലാക്കുകയാണെന്ന് കാംപയിന്‍ ഫോര്‍ ഉയ്‌ഗേഴ്‌സിന്റെ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ റുഷാന്‍ അബ്ബാസ് പറഞ്ഞു. തന്റെ സഹോദരിയും ഡോക്ടറുമായ ഗുല്‍ഷണ്‍ അബ്ബാസിനെ സര്‍ക്കാര്‍ തട്ടിക്കൊണ്ടുപോയി ക്യാംപുകളിലെത്തിച്ച് അടിമപ്പണി ചെയ്യിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അമേരിക്ക ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം മാത്രമാണ് ചൈനയെ പിടിച്ചുകെട്ടാനുള്ള പോംവഴിയെന്നും അവര്‍ പറഞ്ഞു. ന്യൂനപക്ഷമായ വൈഗൂര്‍ മുസ്‌ലിംകള്‍ നേരിടുന്ന വംശഹത്യക്കും അടിമത്തത്തിനും എതിരെ ഇടപെടാനും സഹായിക്കാനും മുസ്‌ലിം ലോകത്തോട് അവര്‍ അഭ്യര്‍ഥിച്ചു.

Tags:    

Similar News